കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് പ്രവർത്തനാനുമതി. ഏറോഡ്രാം ലൈസൻസ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അനുവദിച്ചു. പരീക്ഷണപ്പറക്കൽ വിജയമായതിന്റെ പശ്ചാത്തലത്തിലാണ് അനുമതി ലഭിച്ചത്. ലൈസൻസ് ലഭിച്ചതോടെ വിമാനത്താവളത്തിന്റെ ഉദ്ഘാടനം ഉടനുണ്ടാകും.

ലൈസൻസ് അനുവദിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബറേഷൻ വിമാനം ഉപയോഗിച്ചുളള പരിശോധന വിജയകരമായിരുന്നു. സുരക്ഷിതമായി പറന്നിറങ്ങാൻ വിമാനങ്ങൾക്ക് നിർദേശങ്ങൾ കൈമാറുന്ന സംവിധാനമായ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം എത്തിയത്. ഇതു വിജയകരമായതോടെ വലിയ യാത്രാ വിമാനം ഉപയോഗിച്ചുളള പരീക്ഷണ ലാൻഡിങ് നടത്തി.

എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് വിമാനമാണ് കണ്ണൂർ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആറു തവണ താഴ്ന്നു പറന്നു പരിശോധന നടത്തിയ ശേഷമാണ് ലാൻഡിങ് നടത്തിയത്. യാത്രാവിമാനം വിജയകരമായി ഇറക്കി ഫ്ലൈറ്റ് വാലിഡേഷൻ പൂർത്തിയാക്കി ഡിജിസിഎക്ക് റിപ്പോർട്ട് നൽകിയതോടെയാണ് വിമാനത്താവളത്തിന് പ്രവർത്തനാനുമതി ലഭിച്ചത്. ലൈസൻസ് ലഭിച്ചെങ്കിലും വാണിജ്യാടിസ്ഥാനത്തിൽ സർവീസ് നടത്താൻ ചില നടപടി ക്രമങ്ങൾ കൂടി പൂർത്തിയാക്കേണ്ടതായുണ്ട്.

കണ്ണൂർ വിമാനത്താവളത്തിൽനിന്നും സർവീസ് നടത്താൻ 11 രാജ്യാന്തര കമ്പനികളും ആറ് ഇന്ത്യൻ കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ട്. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ‌എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവേസ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേസ്, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ എയർ എന്നിവയാണു കണ്ണൂരിൽനിന്നു സർവീസ് നടത്താൻ സമ്മതം അറിയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.