scorecardresearch
Latest News

കണ്ണൂർ വിമാനയാത്ര വിവാദം; സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്ന് ഒഡെപെകും കിയാലും

കോൺഗ്രസ് എംഎൽഎയായ കെഎസ് ശബരീനാഥനാണ് സർക്കാർ പണം ധൂർത്തടിച്ച് പാർട്ടി നേതാക്കന്മാർക്ക് കണ്ണൂരിൽ നിന്ന് വിമാന ടിക്കറ്റ് എടുത്തുനൽകിയെന്ന് ആരോപിച്ചത്. ഇത് വലിയ വിവാദത്തിനാണ് വഴി വെച്ചത്

കണ്ണൂർ വിമാനയാത്ര വിവാദം; സർക്കാർ പണം ഉപയോഗിച്ചിട്ടില്ലെന്ന് ഒഡെപെകും കിയാലും

കൊച്ചി: കണ്ണൂർ വിമാനത്താവളം പ്രവർത്തനം ആരംഭിച്ചതിന് തൊട്ട് പിന്നാലെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ആദ്യവിമാന യാത്ര ആരോപണത്തിൽ അഴിമതിയില്ലെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്(കിയാൽ). മുഖ്യമന്ത്രി അടക്കമുളള എല്ലാ യാത്രക്കാർക്കും കിയാലിന്റെ നിർദ്ദേശ പ്രകാരമാണ് തങ്ങൾ ടിക്കറ്റുകൾ ബുക്ക് ചെയ്‌തതെന്ന് ഓവർസീസ് ഡെവലപ്മെന്റ് ആന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കൗൺസിൽ (ഒഡെപെക്) വ്യക്തമാക്കിയപ്പോൾ, ഗോ എയറിനോട് സർവ്വീസ് ഓപ്പറേറ്റ് ചെയ്യാൻ തങ്ങളാണ് ആവശ്യപ്പെട്ടതെന്ന് കിയാലും പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഗോ എയറിന്റെ G8 1375 എന്ന വിമാനത്തിലാണ് മുഖ്യമന്ത്രിയടക്കം 63 യാത്രക്കാർ ഉണ്ടായിരുന്നത്. ഡിസംബർ ആറിന്, ഒഡെപെക് ബുക് ചെയ്ത ടിക്കറ്റിൽ 63 യാത്രക്കാരുടെയും പേര് ഒറ്റ പിഎൻആർ നമ്പറിലാണ് രേഖപ്പെടുത്തിയത്. ഇവരുടെ യാത്രക്കായി 2.28 ലക്ഷം രൂപ ഒഡെപെക് ഗോ എയറിന് നൽകിയിരുന്നു.

Kannur Airport: കണ്ണൂരിൽ നിന്നുളള മുഖ്യമന്ത്രിയുടെ വിമാനയാത്ര വിവാദത്തിൽ; ധൂർത്തെന്ന് ശബരീനാഥൻ

ആർക്കും സൗജന്യ വിമാനയാത്ര നടത്താൻ പണം മുടക്കിയിട്ടില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ ഒഡെപെക് നൽകുന്ന വിശദീകരണം. “ഗോ എയറിന്റെ കണ്ണൂർ-തിരുവനന്തപുരം വിമാനത്തിൽ 63 യാത്രക്കാർക്കുളള ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന് കിയാലാണ് ഞങ്ങളോട് ആവശ്യപ്പെട്ടത്,” എന്ന് ഒഡെപെക് ചീഫ് ഇൻഫർമേഷൻ ഓഫീസർ എസ്. എസ് സാജു പറഞ്ഞു.

“കിയാലാണ് യാത്രക്കാരുടെ പട്ടിക നൽകിയത്. അവർക്ക് വേണ്ടി ഞങ്ങൾ മുൻകൂറായി പണം അടച്ച് ടിക്കറ്റ് ബുക്ക് ചെയ്തു. യാത്രക്കാർ ഓരോത്തരും നൽകിയ മേൽവിലാസത്തിൽ ഞങ്ങളുടെ കളക്ഷൻ ഏജന്റുമാർ നേരിട്ടെത്തി പണം വാങ്ങുന്നുണ്ട്. ആകെ 20 പേരുടെ ടിക്കറ്റിന്റെ പണം ഇതുവരെ ലഭിച്ചിട്ടുണ്ട്. ബാക്കിയുളളവരുടെ പണം വരും ദിവസങ്ങളിൽ ഈടാക്കും. സർക്കാർ ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും പണം നൽകുന്നതിന് 30 ദിവസത്തെ സമയം നൽകും. ബാക്കിയുളളവർക്ക് ഈ സൗകര്യം ഉണ്ടാവില്ല,” സാജു വ്യക്തമാക്കി.

“ഞങ്ങൾ അയാട്ട (ഐ എ ടി എ) അംഗീകാരമുളള സർക്കാർ സ്ഥാപനമാണ്. വ്യക്തികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എല്ലാവർക്കും വേണ്ടിയും ഞങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ട്. അതിൽ അസ്വാഭാവികമായി ഒന്നും ഇല്ല,” സാജു പറഞ്ഞു.

വിമാനത്തിൽ മുഖ്യമന്ത്രിയും ഭാര്യ കമല വിജയനും മക്കളായ വിവേകും വീണയും ചെറുമക്കളും കൂടാതെ  ചീഫ് സെക്രട്ടറി ടോം ജോസ്, സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ എന്നിവരും ഉണ്ടായിരുന്നു. എംഎൽഎ മാരായ ജയിംസ് മാത്യു, എ എൻ ഷംസീർ, പി ടി എ റഹീം എന്നിവർക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഭാര്യ വിനോദിനി ബാലകൃഷ്ണൻ എന്നിവരും വിമാനത്തിൽ യാത്ര ചെയ്തിരുന്നു.

“മുഖ്യമന്ത്രിയുടെ പക്കൽ നിന്ന് ഞങ്ങൾ പണം വാങ്ങി. പിന്നെ ബാക്കിയുളളവരുടേത് വാങ്ങാതിരിക്കുമോ? എല്ലാവരുടെയും വിലാസം ഞങ്ങളുടെ പക്കലുണ്ട്. ടിക്കറ്റിന്റെ പണം എല്ലാവരിൽ നിന്നും വാങ്ങിയിരിക്കും,” സാജു പറഞ്ഞു.

ഈ വാദം ശരിവച്ചാണ് കിയാലിന്റെ മാനേജിങ് ഡയറക്ടർ വി. തുളസീദാസ് ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിച്ചത്. “കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥിരം ഫ്ലൈറ്റ് സർവ്വീസാണ് ഞങ്ങൾ ആവശ്യപ്പെട്ടത്. എയർ ഇന്ത്യയോടും ഗോ എയറിനോടും ഈ സർവ്വീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് അവർ ഭാവിയിൽ ആരംഭിക്കും. ഉദ്ഘാടന ദിവസം ഒരു സ്പെഷൽ സർവ്വീസ് നടത്തണമെന്നും ഗോ എയറിനോടും എയർ ഇന്ത്യയോടും ആവശ്യപ്പെട്ടു. ഗോ എയർ ആയിരുന്നു കൂടുതൽ സൗകര്യപ്രദമായ സമയം പറഞ്ഞത്. എത്ര യാത്രക്കാർ ഉണ്ടാകുമെന്ന് അവർ ചോദിച്ചു. 63 പേരുടെ കണക്ക് കിയാലിന് കിട്ടി. അത് ഗോ എയറിന് നൽകുകയായിരുന്നു,” തുളസീദാസ് വിശദീകരിച്ചു.

കണ്ണൂർ വിമാനത്താവളം അറിയേണ്ടതെല്ലാം

“വളരെ പെട്ടെന്നാണ് സ്പെഷൽ സർവ്വീസ് ഓപ്പറേറ്റ് ചെയ്യാനുളള തീരുമാനം വന്നത്. പോകാൻ താത്പര്യമുളളവരുടെ എണ്ണം കിയാൽ ഗോ എയറിന് നൽകുകയും ചെയ്തു. എല്ലാവരുടെയും ടിക്കറ്റ് ഒറ്റ ഏജൻസി വഴി ബുക്ക് ചെയ്യുന്നതാവും സൗകര്യപ്രദമെന്ന് ഗോ എയർ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്, സർക്കാർ ഏജൻസിയായ ഒഡെപെകിനെ ഏൽപ്പിച്ചത്. മന്ത്രിമാരും സർക്കാർ ഉദ്യോഗസ്ഥരും അല്ലാത്തവരോടും ഒഡെപെക് വഴി ടിക്കറ്റ് ബുക് ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുകയായിരുന്നു,” കിയാൽ എംഡി വിശദീകരിച്ചു.

“വ്യക്തികളാണ് യാത്രയുടെ പണം നൽകേണ്ടത്. ടിക്കറ്റിന്റെ പണം ഒഡെപെക് അവരിൽ നിന്ന് ഈടാക്കും. അതിൽ കിയാലിന് പങ്കില്ല. ഇതിൽ സർക്കാർ പണം ദുരുപയോഗം ചെയ്‌തിട്ടില്ല. ഓരോരുത്തർ വല്ലതും സ്വപ്‌നം കണ്ട് ഉണ്ടാക്കുന്ന വിവാദമാണിതൊക്കെ,”  തുളസീദാസ് പറഞ്ഞു.

അതേസമയം എപ്പോഴാണ് ഗോ എയറിന്റെ സ്പെഷൽ ഫ്ലൈറ്റ് സർവ്വീസിന് വേണ്ടിയുളള ചർച്ച നടത്തിയതെന്ന ചോദ്യത്തിന് തുളസീദാസ് നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. “എന്നാണ് കൊടുത്തതെന്നോ, വാക്കാലാണോ രേഖാമൂലമാണോ കൊടുത്തതോ എന്നൊന്നും പറയാൻ പറ്റില്ല. കണ്ണൂരിൽ നിന്ന് കൂടുതൽ വിമാന സർവ്വീസുകൾ വേണം. അതിന് വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്,” തുളസീദാസ് പറഞ്ഞു.

Kannur Airport Opening: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും

“തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കും തിരിച്ചും എല്ലാ ദിവസവും രാവിലെയും വൈകിട്ടും വിമാന സർവ്വീസിന് ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അതിനായി എയർലൈൻ കമ്പനികളുമായി സംസാരിക്കുന്നുണ്ട്. തിരുവനന്തപുരം-കണ്ണൂർ-ഡൽഹി റൂട്ടിൽ വിമാന സർവ്വീസ് നടത്തണമെന്നാണ് ഗോ എയറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കും തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കും യാത്രക്കാരെ എല്ലാ ദിവസവും കിട്ടും. അതിൽ സംശയമില്ല,” എന്നും തുളസീദാസ് പറഞ്ഞു.

kannur airport travel controversy air ticket go air

കോൺഗ്രസ് എംഎൽഎയായ കെഎസ് ശബരീനാഥനാണ് സർക്കാർ പണം ധൂർത്തടിച്ച് പാർട്ടി നേതാക്കന്മാർക്ക് കണ്ണൂരിൽ നിന്ന് വിമാന ടിക്കറ്റ് എടുത്തുനൽകിയെന്ന് ആരോപിച്ചത്. ഇത് വലിയ വിവാദത്തിനാണ് വഴി വെച്ചത്.

അതേസമയം ഇതേ വിമാനത്തിൽ ഒഡെപെക് വഴിയല്ലാതെ, ഗോ എയർ വെബ്സൈറ്റിൽ നിന്ന് നേരിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. ഡിസംബർ ഒൻപതിന് ഉച്ച വരെ ഈ സൗകര്യം വെബ്സൈറ്റിൽ ലഭ്യമായിരുന്നു.  കൂത്തുപറമ്പ് ചിറ്റാരിത്തറ സ്വദേശി സരുൺ വിആർ തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് ഇങ്ങിനെയാണ്. “ഞങ്ങൾ ഡിസംബർ ആറിന് ഗോ എയറിന്റെ വെബ്സൈറ്റിൽ നിന്നും നേരിട്ടാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഏറ്റവും പുറകിലായുളള സീറ്റാണ് ലഭിച്ചത്. സുഹൃത്തുക്കളായ അർജുനും ഷിബിലും കൂടെയുണ്ടായിരുന്നു. മുന്നിൽ ആരൊക്കെയുണ്ടായിരുന്നുവെന്ന് അറിയില്ല. മുഖ്യമന്ത്രിയെ കണ്ടിരുന്നില്ല. കുറച്ച് സീറ്റുകൾ ഒഴിഞ്ഞ് കിടന്നിരുന്നു. തിരുവനന്തപുരത്തേക്കാണ് ടിക്കറ്റ് എടുത്തത്. മൂന്ന് പേർക്കുമായി 11000 രൂപയിലേറെ ടിക്കറ്റിന് വേണ്ടി ചിലവായി,” സ്വകാര്യ ബാങ്ക് ജീവനക്കാരനായ സരുൺ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kannur airport funds not used for go air flight tickets claim officials