Kannur International Airport Opening Today by CM Pinrayi Vijayan: കണ്ണൂരിൽ നിന്ന് ഹോട്ടൽ വ്യവസായത്തിന്റെ ലോകത്ത് അതിന്റെ നെറുകയിലെത്തിയ ക്യാപ്റ്റൻ കൃഷ്ണൻ നായർ എന്ന ലീലാ കൃഷ്ണൻനായരുടെ കുട്ടിക്കാലത്ത് ഒരു സ്വപ്നം കണ്ടിരുന്നു കോട്ടും സൂട്ടുമിട്ട് വിമാനത്തിൽ യാത്ര ചെയ്യുന്ന സ്വപ്നം. ആ സ്വപ്നത്തിന് കാരണമോ? ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് കണ്ണൂരിലിറങ്ങിയ വിമാനമാണ് കൃഷ്ണൻ നായർക്ക് സ്വപ്നങ്ങളുടെ ചിറക് നൽകിയത്. ആ വിമാനം കണ്ണൂരിലിറങ്ങിയതോ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും ഒരു വ്യാഴവട്ടക്കാലം മുമ്പ്.
ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന കണ്ണൂരിലെ കോട്ടമൈതാനത്ത് അന്ന് ഇറങ്ങിയ വിമാനം ബ്രിട്ടീഷുകാരുടേതായിരുന്നില്ല. എന്നതാണ് അതിലെ കൗതുകകരമായ വസ്തുത. ആ വിമാനം ഇന്ത്യയിലെ മറ്റൊരു വൻ വ്യവസായിയായ ജെ ആർ ഡി ടാറ്റയുടേതായയിരുന്നു. അത് ബോംബെ നിന്നും ഗോവ വഴികണ്ണൂരിലിറങ്ങിയത്. അവിടെ നിന്നും വിമാനം പറന്നുയർന്നത് തിരുവനന്തപുരത്തേയ്ക്കും. ബോംബെയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ടാറ്റ ആരംഭിച്ച വിമാന സർവ്വീസാണ് കണ്ണൂരിൽ ആദ്യം ഇറങ്ങിയത്.

1932 ൽ കറാച്ചിയിൽ നിന്നും ബോംബെയിലേക്കാണ് ടാറ്റ ആദ്യം വിമാന സർവീസ് തുടങ്ങിയത്. ഇത് തപാൽ ഉരുപ്പടികൾ കൈമാറ്റം ചെയ്യുന്നതിനായുളള സംവിധാനമായാണ് ആരംഭിച്ചത്. പിന്നീടാണ് 1935 ൽ ബോംബെയിൽ നിന്നും തിരുവനന്തപുരത്തേക്ക് വിമാനം ആരംഭിച്ചത്. അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ചിത്തിരുതിരുനാൾ ബാലരാമവർമ്മയുടെ താൽപര്യപ്രകാരം ആയിരുന്നു അത്. ആ വിമാനം ബോബെയിൽ നിന്നും പുറപ്പെട്ട് ഗോവയിലെത്തും. ഗോവയിൽ നിന്നും കണ്ണൂരിലിറങ്ങും. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന രീതിയിലായിരുന്ന വിമാനത്തിന്റെ ഷെഡ്യൂൾ.

ബോംബെയിൽ നിന്നും കണ്ണൂരിലേക്ക് 135 രൂപയായിരുന്നു വിമാന ടിക്കറ്റ് നിരക്ക്. ഗോവയൽ നിന്നും കണ്ണൂരിലേക്ക് 75 രൂപയും, ബോംബെയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 150 രൂപയും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് 60 രൂപയുമായിരുന്നു അന്നത്തെ ടിക്കറ്റ് നിരക്ക്. എന്നാൽ ബോംബെയിൽ നിന്ന് തിരുവനന്തപുരം വരെ 100 രൂപ വിലയുളള ടിക്കറ്റിന്റെ പരസ്യവും ടാറ്റ എയർലൈൻസ് നൽകിയിരുന്നു. ടാറ്റ എയർ ലൈൻസിന്റെ ഇത് സംബന്ധിച്ച പരസ്യങ്ങൾ വ്യോമചരിത്ര ഗവേഷകരുടെ പക്കൽ ലഭ്യമാണ്.
1931 ൽ നിർമ്മാണം ആരംഭിച്ച ഡി എച്ച് 83 ഫോക്സ് മോത്ത് എന്ന വിമാനമാണ് ബോംബെയിൽ നിന്നും സർവീസ് നടത്തിയിരുന്നത്. ഈ വിമാനത്തിൽ പൈലറ്റിന് പുറമെ നാല് യാത്രക്കാർക്ക് വരെ യാത്ര ചെയ്യാനുളള സൗകര്യമുണ്ടായിരുന്നു.

അന്ന് കണ്ണൂരിൽ സ്വപ്നം വിതച്ച് ഇറങ്ങിയ വിമാനത്തെ കുറിച്ച് കൃഷ്ണൻ നായർ ഓർമ്മിക്കുന്നത് ഇങ്ങനെ: ” 1935ൽ ആണെന്ന് തോന്നുന്നു, ജെ ആർ ഡി ടാറ്റയുടെ ആദ്യത്തെ വിമാനം കറാച്ചിയിൽ നിന്നും ബോംബെയിലേക്കും അവിടെ നിന്നും കണ്ണൂരിലേക്കും കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കും ലാൻഡ് ചെയ്തത്. അത് പുതിയ തലമുറക്ക് അജ്ഞാതമായ അറിവായിരിക്കാം. കണ്ണൂർ കോട്ടമൈതാനിയിലാണ് വിമാനം ലാൻഡ് ചെയ്തത്. ഞങ്ങൾ കുട്ടികൾ ഒരു ഉത്സവം കാണാൻ പോകുന്നത് പോലെയാണ് കോട്ട മൈതാനിയിലേക്ക് പുറപ്പെട്ടത്. മഹാത്ഭുതംപോലെ ആയിരുന്നു ആ കാഴ്ച. ഇപ്പോൾ അതോർക്കുമ്പോഴും ആ അത്ഭുതം അതേപടി എന്റെ മനസ്സിലുണ്ട്. പുരാണത്തിൽ മാത്രം കേട്ട പുഷ്പകവിമാനം ഇതാ കണ്ണൂർ കോട്ട മൈതാനിയിൽ, ഞങ്ങൾ മനസ്സിൽ പറഞ്ഞു. ഞങ്ങൾ കുട്ടികൾ ആർത്തുവിളിച്ചു. ചിലർ അതിന്റെ ചിറക് തൊടാൻ കൊതിച്ചു. പക്ഷേ, വലിയ സെക്യൂരിറ്റി ഭടന്മാർ ഉണ്ടായിരുന്നതിനാൽ അതിന് സാധിച്ചില്ല. വിമാനം ആദ്യമായി കണ്ട ദിവസം രാത്രിയിൽ എനിക്കൊരു സ്വപ്നമുണ്ടായി. കോട്ടും സൂട്ടുമിട്ട് ഒരു വിമാനത്തിൽ ഞാൻ യാത്ര ചെയ്യുന്നു. വളരെ രസകരമായ ഒരു സ്വപ്നം. പിന്നീട് യാഥാർത്ഥ്യമായി പുലരുന്നത് വരെ ഇടയ്ക്കിടെ ആ സ്വപ്നം ഞാൻ കണ്ടുകൊണ്ടിരുന്നു.”

വ്യവസായ ലോകത്ത് കേരളത്തിന്റെ പേര് ലോകത്ത് കേൾപ്പിച്ച പ്രശസ്തനായ ക്യാപറ്റൻ കൃഷ്ണൻനായരുടെ ആത്മകഥയിലാണ് കണ്ണൂരിലിറങ്ങിയ ആദ്യ വിമാനത്തെ കുറിച്ചുളള ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. താഹാമാടായി എഴുതിയ “കൃഷ്ണലീല” എന്ന ഡി സി ബുക്സ് 2011ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിലാണ് ഈ ഓർമ്മ.
കൃഷ്ണൻനായരുടെ ഓർമ്മയിൽ സംഭവിച്ച പിശകാകാം വിമാനം കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കായിരുന്നു പറന്നതെന്ന് പറയുന്നതെന്നാണ് വ്യോമ ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത്.അന്നത്തെ വിമാന യാത്ര ഷെഡ്യൂളിൽ കൊച്ചി ഉൾപ്പെട്ടിരുന്നില്ല.
സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് വിമാനമിറങ്ങിയ നാട്ടിൽ എട്ട് ദശകൾക്ക് ശേഷം ആ നാടിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറക് വിടർത്താൻ ഒരു രാജ്യാന്തര വിമാനത്താവളം യാഥാർത്ഥ്യമാവുകയാണ്. കുട്ടിക്കാലത്ത് വിമാനം കാണുകയും വിമാനത്തിൽ കോട്ടും സൂട്ടുമിട്ട് യാത്ര ചെയ്യാൻ സ്വപ്നം കാണുകയും അത് യാഥാർത്ഥമാക്കുകയും ചെയ്ത ക്യാപ്റ്റൻ കൃഷ്ണൻനായരുടെ നാട്ടിൽ മറ്റൊരു സ്വപ്നം കൂടെ സഫലമാകുന്നു.