മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരുമായി ആദ്യ എയര്‍ ഇന്ത്യ വിമാനം പറക്കുക അബുദാബിയിലേക്ക്. ഡിസംബര്‍ 9ന് രാവിലെ 11 മണിക്കാണ് വിമാനം കണ്ണൂരില്‍ നിന്ന് പറന്നുയരുക. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800 വിമാനം നേരത്തെ സജ്ജമാകും. ഉച്ചയ്ക്ക് 1.30ഓടെ വിമാനം അബുദാബിയിലെത്തും. സമയക്രമം ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകരിച്ചാല്‍ ദിവസങ്ങള്‍ക്കുളളില്‍ ടിക്കറ്റ് ബുക്കിങ് സൗകര്യം ആരംഭിക്കും.
ഉദ്ഘാടന ദിവസം തന്നെ അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കും സര്‍വീസ് ഉണ്ടാകും. ഉച്ചയ്ക്ക് 2.30നാണ് വിമാനം അബുദാബിയില്‍ നിന്ന് പുറപ്പെടുക. അബുദാബിയിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളുണ്ടാകും. ദുബായിലേക്കും ഷാര്‍ജയിലേക്കും പ്രതിദിന സര്‍വീസ് ഉണ്ടാകും. മസ്കറ്റിലേക്ക് ആഴ്ചയില്‍ മൂന്ന്, ദോഹയിലേക്ക് ആഴ്ചയില്‍ നാല്, റിയാദിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുമുണ്ടാകും.
റണ്‍വേയുടെ നീളം ഇപ്പോള്‍ 3050 ആണ്. ഇത് ഉദ്ഘാടനത്തിന് മുന്‍പ് തന്നെ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റണ്‍വേ നാല് കിലോമീറ്ററാക്കാനാണ് തീരുമാനം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ റണ്‍വേയുടെ നീളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഇടതുപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല. ഇടതുപക്ഷം ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായി വിമാനത്താവളത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കാലിബറേഷന് വിമാനം ഉപയോഗിച്ചുളള പരിശോധന വിജയകരമായിരുന്നു. സുരക്ഷിതമായി പറന്നിറങ്ങാന്‍ വിമാനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ കൈമാറുന്ന സംവിധാനമായ ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റത്തിന്റെ (ഐഎല്‍എസ്) കൃത്യത പരിശോധിക്കുന്നതിനാണ് വിമാനം എത്തിയത്. ഇതു വിജയകരമായതോടെ വലിയ യാത്രാ വിമാനം ഉപയോഗിച്ചുളള പരീക്ഷണ ലാന്‍ഡിങ് നടത്തി.