കണ്ണൂര്‍: കൂടുതല്‍ ഉയരത്തിലേക്ക് പറന്നുയരുകയാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം. അഭിമാനകരമായ നേട്ടമാണ് കണ്ണൂര്‍ വിമാനത്താവളം ഇന്ന് കുറിച്ചത്. ഒന്‍പത് മാസത്തിനുള്ളില്‍ 10 ലക്ഷം യാത്രക്കാരെന്ന ഉജ്ജ്വല നേട്ടം കണ്ണൂര്‍ വിമാനത്താവളം കൈവരിച്ചത് ഉത്രാട നാളില്‍. സംസ്ഥാനത്തിന് ഏറെ അഭിമാനകരമായ നേട്ടമാണിത്.
സിംഗപ്പൂരിൽ താമസമാക്കിയ ഒൻപതാം ക്ലാസ് വിദ്യാർഥിനി ദുർഗ തോട്ടെൻ ആണ് കണ്ണൂർ വിമാനത്താവളത്തിലെ 10 ലക്ഷാമത്തെ യാത്രക്കാരി. ദുർഗ്ഗയും അച്ഛൻ സതീശൻ തൊട്ടെൻ, അമ്മ രജനി, സഹോദരൻ ആദിത്യൻ എന്നിവർ വൈകിട്ട് 4.10 ന് ഇൻഡിഗോ വിമാനത്തിൽ ആണ് കണ്ണൂരിൽ എത്തിച്ചേർന്നത്. പയ്യന്നൂരിലുള്ള കുടുംബ വീട്ടിൽ ഓണമുണ്ണാൻ എത്തിയതാണ് ഇവർ നാല് പേരും.
Read Also: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവ്വീസുകൾ
എയപോർട്ട് സീനിയർ ഓപ്പറേഷൻസ് മാനേജർ രാജേഷ് പൊതുവാൾ ദുർഗ്ഗക്ക് സ്നേഹോപകാരം നൽകി. എയർപോർട്ട് അഡ്‌മിനിസ്‌ട്രേഷൻ ആൻഡ് ലാൻഡ് മാനേജർ അജയകുമാർ എയർപോർട്ട് ചീഫ് സെക്യൂരിറ്റി ഓഫീസർ വേലായുധൻ എം.വി, ഇൻഡിഗോ എയർലൈൻസ് എയർപോർട്ട് മാനേജർ ചാൾസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഇൻഡിഗോ എയർലൈൻസിന്റെ സ്നേഹ ഉപഹാരവും കുടുംബത്തിന് സമ്മാനിച്ചു.
അന്താരാഷ്ട്ര എയർലൈൻസുകളുടെ വരവോടെ ഇതിലും കൂടുതൽ യാത്രക്കാർ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവള അധികൃതർ പറഞ്ഞു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയം സമ്മാനിച്ച യാത്രക്കാർക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
പത്ത് ലക്ഷം യാത്രക്കാരായ നേട്ടം ആഘോഷിച്ചതിനൊപ്പം കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് ഓണാഘോഷ പരിപാടികളും നടന്നു. ഓണാഘോഷത്തിന്റെ ഭാഗമായി വിമാനത്താവളത്തിൽ അത്തപ്പൂക്കള മത്സരം നടത്തി. എയർപോർട്ടിലെ വിവിധ ഏജൻസികൾ തമ്മിലായിരുന്നു മത്സരം. 13 ഏജൻസികളാണ് മത്സരത്തിൽ പങ്കെടുത്തത്.