കണ്ണൂർ: കണ്ണൂർ സിറ്റി നാലുവയലിൽ ചികിത്സ കിട്ടാതെ പതിനൊന്നുകാരി മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കുട്ടിയുടെ പിതാവ് സത്താർ, കുഞ്ഞിപ്പള്ളി ഇമാം ഉവൈസ് എന്നിവരെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.
പനി ബാധിച്ച കുട്ടിക്ക് ശരിയായ ചികിത്സ നൽകാതിരുന്നതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ഇരുവർക്കുമെതിരെ കേസ് എടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെയും സാബിറയുടെയും ഇളയമകൾ എം.എ.ഫാത്തിമ കഴിഞ്ഞ ഞായറാഴ്ചയാണ് പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ച കുട്ടിയെ നാലു ദിവസം കഴിഞ്ഞിട്ടും ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നൽകിയിരുന്നില്ലെന്നാണ് വിവരം. പള്ളി ഇമാമിന്റെ അടുത്ത് കൊണ്ടുപോയി ജപിച്ചു ഊതിയ വെള്ളം കൊടുക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന കുട്ടിയെ ഞായറാഴ്ച പുലർച്ചെ അനക്കമില്ലാതെ കണ്ടതോടെയാണ് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കുട്ടിക്ക് കൃത്യമായ സമയത്ത് ചികിത്സ നൽകാതിരുന്നതും വ്യാജചികിത്സയുമാണ് മരണകാരണമെന്ന് ആരോപിച്ച് കുട്ടിയുടെ മറ്റൊരു ബന്ധു രംഗത്തെത്തിയിരുന്നു. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനും ഇമാം ഉവൈസിനുമെതിരെ പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.
Also Read: ഐടി പാര്‍ക്കുകളില്‍ പബ്ബ് സൗകര്യം ഇല്ലാത്തത് പോരായ്മ; കോവിഡിന് ശേഷം പരിഗണിക്കും: മുഖ്യമന്ത്രി