തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ബ്ലേഡ് മാഫിയക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. കഴിഞ്ഞ വെള്ളിയാഴ്ചയാണ് (മാര്‍ച്ച് 31) പുന്നയാർ ചൂടൻസിറ്റി കാരാടിയിൽ ബിജുവും ഭാര്യ ടിന്റുവും ജീവനൊടുക്കിയത്. ഇവരുടെ മൂന്ന് മക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തതായാണ് വിവരം.
ബിജുവിന് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് ദമ്പതികള്‍ കഞ്ഞിക്കുഴിയിലെ ചെറുകിട ഹോട്ടല്‍ ഏറ്റെടുത്ത് നടത്താന്‍ ആരംഭിച്ചത്. മുന്‍പ് ഹോട്ടല്‍ നടത്തിയിരുന്ന വ്യക്തി കച്ചവടം നിര്‍ത്തിയപ്പോഴാണ് ഇരുവരും ഹോട്ടല്‍ ഏറ്റെടുത്തത്. ഇയാള്‍ക്ക് ഇവര്‍ പണം കൊടുക്കാനുണ്ടായിരുന്നതായും വിവരമുണ്ട്.
പണം നല്‍കാന്‍ സാധിക്കാത്തതിനാല്‍ ഹോട്ടലിലെ ഉപകരണങ്ങള്‍ വിട്ടുകൊടുക്കേണ്ടി വന്നു. തുടര്‍ന്ന് വാടകയ്ക്ക് സാധനങ്ങള്‍ എടുത്തായിരുന്നു ഹോട്ടല്‍ മുന്നോട്ട് കൊണ്ടുപോയിരുന്നത്. വാടക കൊടുക്കാനും നിവൃത്തി ഇല്ലാതെ വന്നതോടെ ഹോട്ടല്‍ അടയ്ക്കേണ്ട സാഹചര്യമുണ്ടായി. ഇതിനിടയില്‍ ബിജും പലിശക്ക് പണം വാങ്ങിയിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ബിജുവിന്റെ അമ്മയുടെ സ്ഥലത്തിന്റെ പട്ടയം ഈട് വച്ച് പണം പലിശയ്ക്കെടുത്തതായാണ് സംശയിക്കുന്നത്. ഇതിനായി ബിജും അമ്മയുടെ കൈയില്‍ നിന്ന് പട്ടയം വാങ്ങിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ ഒപ്പിട്ട് നല്‍കാത്തതിനാല്‍ ബാങ്കില്‍ നിന്നല്ല പണം വായ്പയെടുത്തതെന്നാണ് ബന്ധുക്കളുടെ ആരോപണം.
കഞ്ഞിക്കുഴിയിലുള്ള ബ്ലേഡ് മാഫിയക്കാർ ദമ്പതികള്‍ നടത്തിയിരുന്ന ഹോട്ടലിൽ സ്ഥിരമായെത്തി പണം തിരികെ ചോദിക്കാറുണ്ടെന്ന് നാട്ടുകാരും പറയുന്നു. ഇതു മൂലമുണ്ടായ മാനസിക വിഷമമാണ് കൂട്ട ആത്മഹത്യ ശ്രമത്തിലേക്ക് എത്തിച്ചതെന്നാണ് സംശയിക്കുന്നത്.
മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻജിഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918