തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് പ്രിൻസിപ്പലിനെ വിരമിക്കൽ ദിനത്തിൽ അപമാനിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്മയെക്കാളും ഉയര്‍ന്ന സ്ഥാനത്താണ് അധ്യാപികയെ കാണേണ്ടത്. അതാണ് നമ്മുടെ സംസ്കാരം. വിദ്യാർത്ഥികളും അവർക്ക് നേതൃത്വം നൽകുന്നവരും ഇത് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

യാത്രയയപ്പ് വേളയിൽ പ്രിൻസിപ്പലിനെ അപമാനിച്ചത് അംഗീകരിക്കാനാവില്ല. എസ്എഫ്‌ഐ ഇത്തരം നടപടികൾ അംഗീകരിക്കാത്ത സംഘടനയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജിൽനിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ പി.വി.പുഷ്പജയ്ക്ക് കോളേജിലെ അധ്യാപകരാണ് യാത്രയയപ്പ് നൽകിയത്. എന്നാൽ പ്രിൻസിപ്പലിന്റെ വിരമിക്കലിനെ ഒരു കൂട്ടം വിദ്യാർത്ഥികൾ ആഘോഷമാക്കി മാറ്റി. വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുകയും പ്രിന്‍സിപ്പളിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു. ഇത് വിവാദമായിരുന്നു.

ഇതിനു പിന്നിൽ എസ്എഫ്‌ഐയാണെന്നാണ് പ്രിൻസിപ്പൽ പുഷ്പജയുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ പ്രവര്‍ത്തകരായ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.