കാസർഗോഡ്: കല്ലൂരാവിയില്‍ വച്ച് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹ്മാന്റെ വീട്ടിലെത്തിയ മുസ്ലിം ലീഗ് നേതാവ് മുനവറലി തങ്ങൾ ഉൾപ്പെടെയുള്ള ലീഗ് നേതാക്കളെ നാട്ടുകാർ തടഞ്ഞു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. സന്ദര്‍ശനത്തിന് ശേഷം നേതാക്കള്‍ മടങ്ങി.
മുസ്ലിം ലീഗ് കൊലപാതക രാഷ്ട്രീയത്തിന് അനുകൂലമല്ലെന്നും അതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും മുനവറലി തങ്ങൾ വ്യക്തമാക്കി. പ്രാദേശിക അഭിപ്രായ വ്യത്യാസങ്ങളാണ് സംഭവത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് അന്വേഷിക്കും. ആരും സംരക്ഷിക്കപ്പെടുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനീതിക്ക് ലീഗ് കൂട്ട് നില്‍ക്കില്ലെന്നും ഉന്നത തല ഗൂഡാലോചന സംഭവത്തിന് പിന്നിലില്ലെന്നും അദ്ദേഹം പറഞ്ഞു.
“പ്രതികള്‍ മുസ്ലിം ലീഗില്‍പ്പെട്ടവര്‍ ആണെന്ന് തെളിയിക്കപ്പെട്ടാല്‍ അവർ ഒരിക്കലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ഇരകളുടെ വേദന അറിയുന്നവരാണ് ലീഗ്. കുടുംബത്തിന്റെ വേദന തങ്ങളുടേതുകൂടിയാണ്.” സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനാണ് വീട് സന്ദര്‍ശിച്ചതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
വീട് സന്ദര്‍ശിക്കാനെത്തിയ മുനവ്വറലി ശിഹാബ് തങ്ങളെയും സംഘത്തെയും ഔഫിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞിരുന്നു. ഔഫിന്റെ വീട്ടിലെത്തുന്നതിനു മുന്‍പു തന്നെ മുനവ്വറലി ശിഹാബ് തങ്ങളുടെ വാഹനം തടയുകയുകയായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പമുള്ള പ്രാദേശിക നേതാക്കളെ ഔഫിന്റെ വീട് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് കുടുംബം നിലപാടെടുത്തു. പിന്നീട് മുനവ്വറലിയെ മാത്രം വീട്ടില്‍ പ്രവേശിപ്പിക്കാമെന്ന് കുടുംബം സമ്മതിക്കുകയായിരുന്നു.
അതേസമയം, ഔഫ് അബ്ദുള്‍ റഹിമാന്റെ കൊലപാതക കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാവും കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് ഡിജിപി ഔദ്യോഗിക ഉത്തരവിറക്കി.
കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയിലെടുത്ത എംഎസ്എഫ് മുന്‍സിപ്പല്‍ പ്രസിഡന്റ് ഹസന്‍, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ആഷിര്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവത്തിനിടെ പരുക്കേറ്റ മുഖ്യപ്രതിയായ ഇര്‍ഷാദ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ ഇര്‍ഷാദിനേയും ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് കല്ലൂരാവി മുണ്ടത്തോട് വച്ച് അബ്ദുള്‍ റഹ്മാൻ ഹൗഫിന് കുത്തേല്‍ക്കുന്നത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് അബ്‌ദുൾ റഹ്മാന്റെ മരണത്തിലേക്കുനയിച്ചത്. ബൈക്കില്‍ പഴയ കടപ്പുറത്തേക്ക് വരികയായിരുന്ന അബ്ദുള്‍ റഹ്മാൻ ഹൗഫിനേയും ഷുഹൈബിനെയും യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇര്‍ഷാദും സംഘവും ആക്രമിക്കുകയായിരുന്നു. അക്രമത്തിനിടെ പരുക്കേറ്റ ഷുഹൈബ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെങ്കിലും ഇര്‍ഷാദ് ഉള്‍പ്പെടെയുള്ള അക്രമികളെ തിരിച്ചറിഞ്ഞിരുന്നു. ഇര്‍ഷാദിനെ കണ്ടതായി ഷുഹൈബ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അബ്‌ദുൾ റഹ്‌മാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനം മുതൽ കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിലെ കല്ലൂരാവിയിൽ മുസ്‌ലിം ലീഗ്-സിപിഎം സംഘർഷമുണ്ടായിരുന്നു. എൽഡിഎഫിന് വോട്ടുകൂടി എന്ന് ആരോപിച്ച് നഗരസഭാ മുപ്പത്തിയാറാം വാർഡിൽ ഒരു കുടുംബത്തെ മുസ്‌ലിം ലീഗ് പ്രവർത്തകർ വീട്ടിൽ കയറി ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.