പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ ശുദ്ധിക്രിയ നടത്തിയത് ശരിയായ നടപടിയായിരുന്നുവെന്ന് തന്ത്രി കണ്ഠരര് രാജീവര്. ആചാരപരമായി ശരിയായ നടപടിയാണെന്നായിരുന്നു തന്ത്രിയുടെ വിശീദകരണം. ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തിലാണ് തന്ത്രിയുടെ നിലപാട്.

ദേവസ്വം ബോര്‍ഡ് അംഗങ്ങളെ അറിയിച്ചിരുന്നുവെന്നും തന്റെ അധികാര പരിധിയില്‍ നിന്നു കൊണ്ടു തന്നെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആചാരലംഘനമുണ്ടായാല്‍ ഇനിയും ശുദ്ധി ക്രിയ നടത്തേണ്ടി വരുമെന്നും വിശദീകരണക്കുറിപ്പില്‍ തന്ത്രി പറയുന്നു. പൂജാദികര്‍മ്മങ്ങളില്‍ പരമാധികാരം തന്ത്രിക്കാണെന്നും ബോര്‍ഡ് വെറും ട്രസ്റ്റിയാണെന്നും അദ്ദേഹം പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാര ക്രിയ ചെയ്യാന്‍ ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നാണ് സര്‍ക്കാരിന്റേയും ദേവസ്വം ബോര്‍ഡിന്റേയും നിലപാട്. ദേവസ്വം മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണെന്നും ദേവസ്വം മന്ത്രി സഭയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. തന്ത്രി ദേവസ്വം ജീവനക്കാരനല്ല.

തന്ത്രിയുടെ വിശദീകരണത്തില്‍ ദേവസ്വം ബോര്‍ഡിന്റെ തുടര്‍ നടപടിയെന്തായിരിക്കും എന്നാണ് ഇനി അറിയേണ്ടത്. അതേസമയം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ 10 നും 50നും ഇടയില്‍ പ്രായമുള്ള രണ്ടു സ്ത്രീകള്‍ മാത്രമേ ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുള്ളൂവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയെ അറിയിച്ചു. നേരത്തെ 51 യുവതികള്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി എന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് ഇത് 17 ആക്കി തിരുത്തിയിരുന്നു.

ശ്രീലങ്കന്‍ യുവതി ശബരിമലയില്‍ ദര്‍ശനം നടത്തി എന്ന വാര്‍ത്തയില്‍ ഇതുവരെ സ്ഥിരീകരണം ഇല്ലെന്ന് മന്ത്രി പറഞ്ഞു. ശബരിമല ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ നടയടച്ച് പരിഹാരക്രിയ നടത്താന്‍ ദേവസ്വം മാന്വല്‍ വ്യവസ്ഥ ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. അത്തരം സാഹചര്യമുണ്ടായാല്‍ ദേവസ്വം അധികാരികളുമായി കൂടിയാലോചിച്ച് തന്ത്രിക്ക് പരിഹാരക്രിയ നടത്താം. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിയില്‍ മാത്രം നിക്ഷിപ്തമല്ലെന്നും മന്ത്രി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ