കൊച്ചി: കണ്ടനാട് പള്ളിയിൽ ഓർത്തഡോക്സ് വിഭാഗം കുർബാന നടത്തി. 1964ന് ശേഷം ആദ്യമായാണ് ഓർത്തഡോക്സ് വിഭാഗം കണ്ടനാട് പള്ളിയിൽ പ്രാർത്ഥന നടത്തുന്നത്. രാവിലെ രണ്ട് മണിക്കാണ് വിശ്വാസികൾ പള്ളിയിലെത്തിയത്. ഭദ്രാസനം മെത്രാപൊലീത്തയുടെ നേതൃത്വത്തിലാണ് കുർബാന.
യാക്കോബായ വിശ്വാസികളും പള്ളിക്ക് പുറത്ത് തടിച്ചു കൂടിയിട്ടുണ്ട്. എന്നാൽ പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. അതേസമയം പള്ളിക്ക് പുറത്ത് 200ഓളം വരുന്ന പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
സഭാ തർക്കത്തിലെ കേസുകളെല്ലാം 2017 ജൂലായ് മൂന്നിന്റെ വിധിക്കനുസരിച്ച് തീർപ്പാക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. സഭാ തർക്കവുമായി ബന്ധപ്പെട്ട് എത്ര കേസുകൾ കേരളത്തിലെ കോടതികളിലുണ്ടെന്നതിന്റെ കണക്ക് മൂന്നു മാസത്തിനകം സമർപ്പിക്കാനും ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു.
മലങ്കര സഭയ്ക്ക് കീഴിലെ പള്ളികൾ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു സുപ്രീംകോടതിയുടെ വിധി. ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ വിധിക്കെതിരേ യാക്കോബായ സഭക്കാർ പലതവണ സുപ്രീംകോടതിയിലെത്തിയെങ്കിലും അപ്പോഴെല്ലാം ജസ്റ്റിസ് അരുൺ മിശ്ര ഇക്കാര്യം ആവർത്തിച്ചിരുന്നു.
എറണാകുളം കണ്ടനാട് പള്ളിയിൽ യാക്കോബായ വിഭാഗത്തിനും പ്രാർഥന നടത്താൻ അനുമതി നൽകിയ കേരള ഹൈക്കോടതിയുത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിക്കുനേരെ രൂക്ഷമായ വിമർശമാണ് ജസ്റ്റിസ് അരുൺ മിശ്ര നടത്തിയത്. ഇടക്കാല ഉത്തരവിറക്കിയ ജഡ്ജിയുടെ പേരെടുത്തുപറഞ്ഞായിരുന്നു വിമർശം. പിന്നീട്, പുറത്തുവന്ന വിധിന്യായത്തിലും ഹൈക്കോടതിക്കുനേരെ ശക്തമായ പരാമർശങ്ങളാണ് നടത്തിയിരിക്കുന്നത്. രാജ്യത്തെ സിവിൽ, ജുഡീഷ്യൽ അതോറിറ്റികൾ സുപ്രീംകോടതിക്ക് സഹായകരമായാണ് പ്രവർത്തിക്കേണ്ടത്. സുപ്രീംകോടതിയുടെ ഉത്തരവുകളും വിധികളും പാലിക്കാൻ എല്ലാവർക്കും ഭരണഘടനാപരമായ ബാധ്യതയുണ്ട്. കേരള ഹൈക്കോടതിയും സിവിൽ കോടതികളും സുപ്രീംകോടതിയുടെ 2017-ലെ വിധി ലംഘിക്കുന്ന ഉത്തരവുകളൊന്നും ഇറക്കരുത്. ഈ വിഷയത്തിൽ ഇനിയൊരു വ്യവഹാരത്തിന് സാധ്യത അവസാനിച്ചെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.