scorecardresearch
Latest News

‘ശില്‍പ്പങ്ങള്‍ സംരക്ഷിക്കുന്നില്ല’; സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്കാരം നിരസിച്ച് കാനായി

പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്

‘ശില്‍പ്പങ്ങള്‍ സംരക്ഷിക്കുന്നില്ല’; സംസ്ഥാന സര്‍ക്കാരിന്റെ കേരള ശ്രീ പുരസ്കാരം നിരസിച്ച് കാനായി

കൊച്ചി: കേരള ശ്രീ പുരസ്കാരം തത്കാലം സ്വീകരിക്കില്ലെന്ന് പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍. ശില്‍പ്പങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കാനായി പുരസ്കാരം താത്കാലികമായി നിരസിച്ചിരിക്കുന്നത്.

കണ്ണൂര്‍ പയ്യാമ്പലത്തും, തിരുവനന്തപുരത്ത് ശംഖുമുഖം, വേളി എന്നിവിടങ്ങളില്‍ താന്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ അവഗണിക്കപ്പെട്ടതായി കാനായി ആരോപിച്ചു. ശംഖുമുഖത്ത് ഒരു ഹെലിക്കോപ്റ്റര്‍ കൊണ്ടുവന്ന് പ്രദേശത്തിന്റെ ഭംഗി നശിപ്പിച്ചെന്നും അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അത് ചെയ്തതെന്നും കാനായി പറയുന്നു.

വെളി ടൂറിസ്റ്റ് വില്ലേജിന്റെ അവസ്ഥയും പരിതാപകരമാണെന്ന് കാനായി ചൂണ്ടിക്കാണിച്ചു. “ആദ്യം അവിടെയെത്തുമ്പോള്‍ ആര്‍ക്കും താത്പര്യമില്ലാത്ത ഒരു പ്രദേശമായിരുന്നു. എന്നാല്‍ വളരെ കഷ്ടപ്പെട്ടാണ് ടൂറിസ്റ്റ് വില്ലേജ് സ്ഥാപിച്ചത്. ഇത്തരം അവസ്ഥയില്‍ ഞാന്‍ എങ്ങനെയാണ് അവാര്‍ഡ് സ്വീകരിക്കുക,” മനോരമ ന്യൂസിനോട് സംസാരിക്കവെ കാനായി ചോദിച്ചു.

പത്മ പുരസ്കാരങ്ങളുടെ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കേരള പുരസ്കാരങ്ങള്‍ ഇന്നലെയാണ് പ്രഖ്യാപിച്ചത്. കേരളജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണുള്ളത്.

എഴുത്തുകാരന്‍ എം ടി വാസുദേവൻ നായർക്കാണു കേരളജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരളപ്രഭ പുരസ്‌കാരത്തിനും അര്‍ഹരായി. കാനായിക്ക് പുറമെ ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവര്‍ക്കാണ് കേരള ശ്രീ ലഭിച്ചത്.

വിവിധ മേഖലകളിലെ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ജ്യോതി വർഷത്തിൽ ഒരാൾക്കും രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള പ്രഭ വർഷത്തിൽ രണ്ടു പേർക്കും മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ കേരള ശ്രീ വർഷത്തിൽ അഞ്ചു പേർക്കുമാണു നൽകുന്നത്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kanayi kunhiraman refuses state governments kerala sree award