തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തോല്‍വിക്ക് പിന്നാലെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വിഷയമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലി. മാധ്യമങ്ങളടക്കം മുഖ്യമന്ത്രിയുടെ ശൈലിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍, സിപിഎമ്മും എല്‍ഡിഎഫും മുഖ്യമന്ത്രിയെ തള്ളാന്‍ തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയന് ശൈലി മാറ്റേണ്ട ആവശ്യമില്ലെന്നാണ് നേരത്തെ സിപിഎം നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞത്. അതിനു പിന്നാലെയാണ് പിണറായിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരിക്കുന്നത്.
Read More: വര്‍ഗ്ഗീയതയെ ചെറുക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ അത് ഇനിയും തുടരും:നിലപാടിലുറച്ച് പിണറായി
മുഖ്യമന്ത്രിയുടെ ശൈലി മാറ്റത്തിനായി മാധ്യമങ്ങള്‍ വാശി പിടിക്കേണ്ടതില്ലെന്ന് കാനം രാജേന്ദ്രന് പറഞ്ഞു. ഷര്‍ട്ടൂരുന്നത് പോലെ ശൈലി മാറ്റണമെന്ന് പറയുന്നത് മനുഷ്യ സാധ്യമാണോ. ഇനി പിണറായി ശൈലി മാറ്റിയെന്നിരിക്കട്ടെ പോയ വോട്ടുകള്‍ തിരിച്ചുവരുമോ. പിണറായി വിജയന് ഏറെ വര്‍ഷങ്ങളായി രാഷ്ട്രീയത്തിലുള്ള ആളാണ്. അദ്ദേഹത്തിന്റെ ശൈലി അറിഞ്ഞുകൊണ്ടാണ് ജനം അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്. മാധ്യമങ്ങളാണ് പിണറായിയുടെ ശൈലി മാറ്റത്തിന് വാശി പിടിക്കുന്നതെന്നും കാനം പറഞ്ഞു.
Read More: ശൈലിയൊന്നും മാറ്റില്ല, ഇവിടെ വരെ എത്തിയത് ഈ ശൈലി കൊണ്ടാണ്: പിണറായി വിജയന്
തിരഞ്ഞെടുപ്പ് പരാജയം താത്കാലികമാണ്. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തമായി തിരിച്ചുവരും. ശബരിമല നിലപാടല്ല തോല്‍വിക്ക് കാരണം. തോല്‍വിക്ക് കാരണമായ കാര്യങ്ങള്‍ എല്‍ഡിഎഫ് വിശദമായി പടിക്കും. ശബരിമല വിഷയം വീണ്ടും ജനങ്ങളെ ബോധ്യപ്പെടുത്തും. ശബരിമലയില്‍ ബിജെപി നിലപാടാണ് ശരിയെങ്കില്‍ ഒ.രാജഗോപാല്‍ വിജയിച്ച നേമത്ത് ബിജെപിക്ക് വോട്ട് കുറയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Read More: നിലപാട് തെറ്റല്ല, മറ്റ് കാര്യങ്ങള്‍ പരിശോധിക്കും: കോടിയേരി ബാലകൃഷ്ണന്
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് മതേതരത്വത്തിന് വിരുദ്ധമായ നിലപാടാണ്. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ആദ്യം വിധിയെ അനുകൂലിച്ചതാണ്. പിന്നീട് എതിര്‍ത്തു എന്നും കാനം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവയ്ക്കേണ്ട ആവശ്യമില്ല. 2004 ല്‍ ആന്റണി രാജിവച്ചതുപോലെ രാജിവയ്ക്കേണ്ട സാഹചര്യം ഇല്ല. അന്ന് നില്‍ക്കക്കള്ളിയില്ലാതെയാണ് ആന്റണിക്ക് രാജിവയ്ക്കേണ്ടി വന്നത്. അതിനെ ആദര്‍ശധീരതയായി കാണുന്നില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ശൈലി മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ വ്യക്തമാക്കിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനേറ്റ പരാജയത്തിന് മുഖ്യമന്ത്രിയുടെ ശൈലി ഒരു കാരണമാണെന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. “എന്റെ ശൈലി എന്റെ ശൈലി തന്നെയായിരിക്കും. അതില്‍ യാതൊരു മാറ്റവും വരില്ല. അതിനെ പറ്റി തെറ്റിദ്ധരിക്കുകയൊന്നും വേണ്ട. ആര്‍ക്കാ ധാര്‍ഷ്ട്യം, ആര്‍ക്കാ ധാര്ഷ്ട്യമില്ലാത്തത് എന്നൊക്കെ ജനങ്ങള്‍ക്കറിയാം. അത് ജനങ്ങള്‍ തന്നെ വിലയിരുത്തും. ഞാന്‍ ഈ നിലയിലേക്ക് എത്തിയത് ഇത്രയും കാലത്തുള്ള എന്റെ ശൈലിയിലൂടെയാണ്. ആ ശൈലിയെല്ലാം ഇനിയും തുടരുക തന്നെ ചെയ്യും” പിണറായി വിജയന് പറഞ്ഞു.