തിരുവനന്തപുരം: ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നുകാട്ടി ലോ അക്കാദമി മുൻ പ്രിൻസിപ്പൽ ലക്ഷ്മി നായർക്കെതിരെ വിദ്യാർത്ഥി നൽകിയ കേസ് പിൻവലിച്ച സംഭവത്തിൽ വിശദീകരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസ് പിൻവലിച്ചത് വിദ്യാർത്ഥിയുടെ വ്യക്തിപരമായ കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതില്‍ പാര്‍ട്ടിക്ക് ബന്ധമില്ല, പരാതിക്കാരൻ നിലപാട് മാറ്റിയാൽ അഭിഭാഷകന് പിന്നെന്ത് ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു.
ലക്ഷ്മി നായർ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന കേസ് നൽകിയിരുന്ന ലാ അക്കാദമി വിദ്യാർത്ഥിയും എ.ഐ.എസ്.എഫ് നേതാവുമായിരുന്ന വിവേക്, കാനം രാജേന്ദ്രന്റെ അറിവോടെയാണ് കേസ് പിൻവലിച്ചതെന്ന് പറഞ്ഞിരുന്നു. പേരൂര്‍ക്കട പോലീസില്‍ നല്കിയ പരാതി വിവേക് പിന്‍വലിക്കുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് ലക്ഷ്മിനായര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോലീസ് വിഷയത്തില്‍ അന്വേഷണം നടത്തിവരുന്നതിനിടെയാണ് കേസ് പിന്‍വലിച്ചത്. എന്നാല്‍ കേസ് പിന്‍വലിച്ച് വിദ്യാര്‍ത്ഥിക്ക് എഐഎസ്എഫ് നോട്ടീസ് അയച്ചു. പരാതി പിന്‍വലിച്ചതില്‍ കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.