ആലപ്പുഴ: കായൽ കയ്യേറ്റ വിഷയത്തിൽ വീണ്ടും വെല്ലുവിളിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. തനിക്കെതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും ഒരന്വേഷണ സംഘത്തിനും ആവില്ലെന്ന് അദ്ദേഹം പറഞ്ഞു. കാനം രാജേന്ദ്രൻ നയിക്കുന്ന ജനജാഗ്രതയാത്രയുടെ കുട്ടനാട്ടിലെ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രതിപക്ഷത്തെയും തോമസ് ചാണ്ടി വെല്ലുവിളിച്ചു. എന്റെ വെല്ലുവിളി ഏറ്റെടുക്കാൻ പ്രതിപക്ഷത്തിന് ധൈര്യമില്ല. മെത്രാന്‍ കായലും മാര്‍ത്താണ്ഡം കായലും അടക്കമുള്ളവ കണ്ടിട്ടുപോലും ഇല്ലാത്തവര്‍ അന്ധന്‍ ആനയെക്കണ്ടതുപോലെയാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ വേദിയിൽതന്നെ തോമസ് ചാണ്ടിയുടെ പ്രസ്താവനയെ കാനം തിരുത്തി. ആരെയും വെല്ലുവിളിക്കാനല്ല ജാഥയെന്നും ജനങ്ങളോട് ചില സത്യങ്ങൾ പറയാനാണെന്നും കാനം പറഞ്ഞു. കായൽ കയ്യേറ്റ വിഷയത്തിൽ ശക്തമായ നിലപാടാണ് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും സിപിഐയും സ്വീകരിച്ചിരുന്നത്. ഈ അവസരത്തിൽ കാനം രാജേന്ദ്രനൊപ്പം തോമസ് ചാണ്ടി വേദി പങ്കിട്ടത് ശ്രദ്ധേയമായി.

തോമസ് ചാണ്ടിക്കെതിരായ കേസിൽ നിയമം നടക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകും. നിലവില്‍ തോമസ് ചാണ്ടി തെറ്റുകാരനാണെന്ന് ആരും കണ്ടെത്തിയിട്ടില്ലെന്നും കാനം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ