തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനയെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശമ്പളവും പെൻഷനും കൊടുക്കണ്ടേ. കേന്ദ്രം പണം തന്നില്ലെങ്കിൽ വികസന പ്രവർത്തനം എങ്ങനെ നടത്തുമെന്നും കാനം ചോദിച്ചു. കേന്ദ്രത്തിന്റേത് കേരള വികസനത്തെ ഒട്ടും സഹായിക്കാത്ത ബജറ്റാണ്. വായ്പ പരിധി അടക്കം വെട്ടിക്കുറച്ച സാഹചര്യത്തില്‍ സംസ്ഥാനം എങ്ങനെയാണ് മുന്നോട്ട് പോകുക. ഈ സാഹചര്യത്തില്‍ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നും കാനം പറഞ്ഞു.
ഏത് നികുതി വർധനവും ജനങ്ങൾക്കിടയിൽ പ്രതിഷേധം ഉണ്ടാക്കും. പ്രതിഷേധങ്ങളെ മാനിക്കുന്നു. ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യുമെന്നും ജനവികാരം ധനമന്ത്രിയെ അറിയിക്കുമെന്നും കാനം പറഞ്ഞു.
വരുമാന വർധന ലക്ഷ്യമിട്ട് ഇന്ധനത്തിനും മദ്യത്തിനും സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയും വാഹന, കെട്ടിട നികുതിയും വര്‍ധിപ്പിച്ചും കൊണ്ടായിരുന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റ്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി. മദ്യത്തിന് അധിക സെസ് ഏർപ്പെടുത്തിയതോടെ 20 മുതല്‍ 40 രൂപ വരെ വില കൂടും.
ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിച്ചു. കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെര്‍മിറ്റ് ഫീസ് എന്നിവ സമഗ്രമായി പരിഷ്‌കരിച്ചു. കോര്‍ട്ട് ഫീ സ്റ്റാംപ് നിരക്ക് വധിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കെട്ടിട നമ്പര്‍ ലഭിച്ച ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ളാറ്റ്, അപ്പാര്‍ട്ട്മെന്റ് എന്നിവയ്ക്കുള്ള മുദ്രവില രണ്ടു ശതമാനം വര്‍ധിപ്പിച്ചു. മുദ്രവില നേരത്തെ അഞ്ച് ശതമാനമായി കുറച്ചിരുന്നു. ഇത് ഏഴ് ശതമാനമായാണ് ഉയര്‍ത്തിരിക്കുന്നത്. ആധാരം രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിനകമോ ആറു മാസത്തിനകമോ നടത്തപ്പെടുന്ന തീറാധാരങ്ങള്‍ക്കു നിലവിലുള്ള അധിക മുദ്രവില ഒഴിവാക്കി.