തിരുവനന്തപുരം: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി സംഘടിപ്പിക്കുന്ന അയ്യപ്പ ജ്യോതിയെ എതിർക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യപരമായ രീതിയിൽ പ്രതിഷേധിക്കാൻ ആർക്കും അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശബരിമല കർമ്മ സമിതിയും ബിജെപിയും ചേർന്ന് ഇന്ന് വൈകീട്ടാണ് അയ്യപ്പ ജ്യോതി സംഘടിപ്പിക്കുന്നത്. മഞ്ചേശ്വരം മുതൽ കളിയിക്കാവിള വരെ പാതയോരത്ത് വൈകീട്ട് ആറിനാണ് അയ്യപ്പ ജ്യോതി തെളിയിക്കുക.

മണ്ഡലകാലം കഴിയുന്നതുവരെ യുവതികൾ ശബരിമലയിലേക്ക് വരരുതെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ പ്രസ്താവനയിൽ തെറ്റില്ലെന്നും കാനം പറഞ്ഞു. 10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നത് സർക്കാരിന്റെ അജണ്ടയല്ലെന്ന് മുഖ്യമന്ത്രിയും എൽഡിഎഫും തുറന്നു പറഞ്ഞിട്ടുണ്ട്. കോടതി വിധി സർക്കാരിന് അനുസരിച്ചേ മതിയാകൂ. അത് 100 ശതമാനം വിജയിക്കണമെന്നില്ലെന്നും കാനം പറഞ്ഞു.

യുവതികൾ മണ്ഡലകാലം കഴിയുന്നതുവരെ ശബരിമലയിൽ വരരുതെന്നാണ് പത്മകുമാർ ഇന്നലെ പറഞ്ഞത്. മണ്ഡല മകരവിളക്കിനുശേഷം യുവതികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.