തിരുവനന്തപുരം: അമ്മ സംഘടനയിൽനിന്നും രാജി വയ്‌ക്കാനുളള നടിമാരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിനിമാ മേഖലയിൽ സ്ത്രീകൾക്ക് തൊഴിൽ സുരക്ഷ ഉറപ്പു നൽകാൻ കഴിയാത്തത് ഖേദകരമാണ്. താരസംഘടനയിൽ ജനപ്രതിനിധികളുണ്ടെങ്കിലും ഇപ്പോഴത്തെ സംഭവങ്ങൾ സംഘടനയുടെ ആഭ്യന്തര പ്രശ്‌നമാണ്. രാജിവയ്‌ക്കണോ എന്നത് ജനപ്രതിനിധികളായ നടന്മാരുടെ സ്വാതന്ത്ര്യമാണെന്നും കാനം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ‘അമ്മ’ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാലു പേർ അമ്മയില്‍ നിന്നും രാജി വച്ചിരുന്നു.  ഗീതു മോഹന്‍ദാസ്‌, രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംഘടനയിൽ പുറത്തു പോകാനുളള തീരുമാനമെടുത്തത്.  ഇവര്‍ മൂന്ന് പേരും ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ അംഗങ്ങളുമാണ്. വുമൺ ഇൻ സിനിമാ കളക്‌ടീവിന്റെ ഫെയ്‌ബുക്ക് പേജിലൂടെയാണ് നടിമാർ രാജിക്കാര്യം അറിയിച്ചത്.

Read More: അമ്മയിൽനിന്നും എല്ലാവരും രാജിവയ്‌ക്കേണ്ടയെന്നത് കൂട്ടായെടുത്ത തീരുമാനം: വിധു വിൻസെന്റ്

തനിക്ക് നേരെ നടന്ന ആക്രമണത്തിൽ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല രാജി എന്നാണ് ആക്രമിക്കപ്പെട്ട നടി പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിനു മുന്പ് ഈ നടൻ തന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ടെന്നും അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ലെന്നും നടി പറയുന്നു. ഇത്രയും മോശപ്പെട്ട അനുഭവം തന്റെ ജീവിതത്തിൽ ഉണ്ടായപ്പോൾ താൻ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതൽ ശ്രമിച്ചതെന്നും ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലാക്കി ഞാൻ രാജി വയ്‌ക്കുകയാണെന്നും ആക്രമിക്കപ്പെട്ട നടി ഫെയ്സ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

Read: ആക്രമിക്കപ്പെട്ട നടി അടക്കം നാല് നടിമാര്‍ ‘അമ്മ’യില്‍ നിന്നും രാജി വച്ചു

ഈ വിഷയത്തില്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത്‌ വന്നവരാണ് ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’.  അമ്മയില്‍ അംഗത്വമുള്ള ‘വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ്’ അംഗങ്ങളില്‍  മൂന്നു പേര്‍ മാത്രമേ രാജിവച്ചിട്ടുള്ളൂ. മഞ്ജു വാര്യര്‍, പത്മപ്രിയ, പാര്‍വ്വതി തിരുവോത്ത്, രേവതി എന്നിവര്‍ നടിയ്‌ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് തങ്ങള്‍ രാജി വയ്‌ക്കുന്നു എന്ന് കാണിച്ച് വിമന്‍ ഇന്‍ സിനിമാ കളക്‌ടീവ് അംഗങ്ങള്‍ ഒപ്പിട്ട കുറിപ്പില്‍ ഉള്‍പ്പെട്ടിട്ടില്ല. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.