മലപ്പുറം: കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ.എം.മാണിയുടെ ഇടതുപ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയുടെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഉത്പന്നമാണ് ഈ സര്‍ക്കാരെന്ന് അദ്ദേഹം വ്യക്തമാക്കി. മാണി അഴിമതിക്കാരന്‍ തന്നെയാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മാണിയുടെ ഇടത് പ്രവേശനം സംബന്ധിച്ച് സിപിഐ മാത്രമല്ല തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. മുന്നണി കൂട്ടായാണ് തീരുമാനം എടുക്കേണ്ടതെന്നും മാണിയുടെ നയം കര്‍ഷക താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന പേരില്‍ സിപിഎം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ സെമിനാറില്‍ കഴിഞ്ഞയാഴ്ച ഇരുവരും വേദി പങ്കിട്ടിരുന്നു. കെ.എം.മാണിയുടെ ഇടതു മുന്നണി പ്രവേശനത്തെ പരോക്ഷമായി എതിര്‍ത്ത് കാനം സംസാരിച്ചുവെങ്കിലും ഇതിനോട് പ്രതികരിക്കാന്‍ മാണി അന്ന് തയ്യാറായില്ല. എല്‍ഡിഎഫിന് നിലവില്‍ ഒരു ദൗര്‍ബല്യമില്ല. കുറുക്കുവഴിയില്‍ ഇടതുമുന്നണി ശക്തിപ്പെടുകയില്ല. അഴിമതിയുടെ കാര്യത്തില്‍ എല്‍ഡിഎഫ് നിലവില്‍ മികച്ച നിലപാടാണ് സ്വീകരിക്കുന്നത്. എല്‍ഡിഎഫ് സെല്‍ഫ് ഗോള്‍ അടിക്കരുത്, എന്നായിരുന്നു കാനം പറഞ്ഞത്.

അതേസമയം വേദിയില്‍ രാഷ്ട്രീയം പറായാതെയാണ് കെ.എം.മാണി സംസാരിച്ചത്. സിപിഎമ്മില്‍ ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടയുള്ളവര്‍ മാണിയുടെ ഇടതുപ്രവേശന ശ്രമങ്ങളെ എതിര്‍ക്കുകയാണ്. പക്ഷേ സിപിഎമ്മിലെ ഒരു വിഭാഗം മാണിയെ ഇടതുപാളയത്തില്‍ എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.

സിപിഐ, സിപിഎം എന്നീ രണ്ടു പ്രസ്ഥാനങ്ങള്‍ മാത്രമാണ് മുഖ്യധാരയിലുള്ള ഇടതുപാര്‍ട്ടികളില്‍ ഒരുമിച്ച് നില്‍ക്കുന്നത്. കെ.എം.മാണിയുടെ ഇടതു പ്രവേശനം സംബന്ധിച്ച തീരുമാനം എല്‍ഡിഎഫിനു വിടാനാണ് സിപിഎം നീക്കം. സിപിഐ കെ.എം.മാണിയുടെ ഇടതുപ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ