മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇത് രണ്ടാം തവണയാണ് കാനം രാജേന്ദ്രൻ പാർട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാൽ പാർട്ടി സംസ്ഥാന കൗൺസിലിൽ പ്രധാന നേതാക്കളെ വെട്ടിനിരത്തിയത് സമ്മേളനത്തിലെ പ്രധാന സംഭവമായി.
പ്രവർത്തന റിപ്പോർട്ടിൽ തനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തിയ പാർട്ടിയിലെ കാനം പക്ഷത്തിനെതിരെ അതിരൂക്ഷ വിമർശനങ്ങളാണ് കെഇ ഇസ്മായിൽ ഉയർത്തിയത്. സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ച് പ്രസംഗിച്ചപ്പോഴാണ് കെഇ ഇസ്മായിലിന്റെ വിമർശനം. തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചവരും തന്നെ പ്രതിസ്ഥാനത്ത് നിർത്തിയവരും പാർട്ടിയിലെ ശത്രുക്കളാണെന്ന് പറഞ്ഞ ഇസ്മായിൽ അവരെ കാലം വെളിപ്പെടുത്തുമെന്നും പറഞ്ഞു.
“മൂല്യങ്ങളിൽ അടിയുറച്ച് പ്രവർത്തിക്കുന്നയാളാണ് താൻ. ഇന്നുവരെ അതിൽ മാറ്റം ഉണ്ടായിട്ടില്ല. തനിക്കെതിരെ വിവാദമുണ്ടാക്കി അപമാനിച്ചവർ പാർട്ടിയിലെ ശത്രുക്കളാണ്. ഞാൻ ഒന്നിനെയും ഭയക്കുന്നില്ല. പാർട്ടിക്ക് പോറലേൽപ്പിക്കാൻ ആരെയും സമ്മതിക്കില്ല. പാർട്ടിക്ക് മുകളിൽ പറക്കാൻ ശ്രമിക്കുന്നവരെ കാലം തോൽപ്പിക്കും. എനിക്കെതിരായ കൺട്രോൾ കമ്മിഷൻ റിപ്പോർട്ട് ഹൃദയത്തിൽ അംഗീകരിക്കാതിരുന്ന പ്രതിനിധികൾക്ക് നന്ദി,” കെഇ ഇസ്മായിൽ പറഞ്ഞു.
സംസ്ഥാനത്ത് പാർട്ടി സമ്മേളന കാലത്തിന് മുൻപ് തന്നെ ഇരുവിഭാഗവും തമ്മിലുളള തർക്കം രൂക്ഷമായിരുന്നു. എന്നാൽ ഇത് സമ്മേളനത്തിലാണ് മറനീക്കി പുറത്തുവന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കാനായിരുന്നു കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. ഇതിൽ ഇവർ വിജയിച്ചു. സി ദിവാകരൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കാനം രാജേന്ദ്രൻ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.