തിരുവനന്തപുരം: സിപിഐ നിർവാഹക സമിതി യോഗത്തിൽ മന്ത്രി കെ.ടി.ജലീലിനെയോ മുഖ്യമന്ത്രി പിണറായി വിജയനെയോ വിമർശിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാധ്യമങ്ങൾ വാർത്ത നൽകിയ രീതിയിൽ നിർവാഹക സമിതി യോഗത്തിൽ വിമർശനമുയർന്നിട്ടില്ലെന്ന് കാനം പറഞ്ഞു.

ഇടതുമുന്നണിയെ സംരക്ഷിക്കുക എന്ന രാഷ്‌ട്രീയ ചുമതലയാണ് സിപിഐ ഉയർത്തിപിടിക്കുന്നത്. അതിനെ ശക്തിപ്പെടുത്താനാണ് സിപിഐ പ്രവർത്തിക്കുന്നത്. ഇടതുമുന്നണിയെ അടിക്കാനുള്ള വടിയല്ല സിപിഐ എന്നും കാനം വ്യക്തമാക്കി.

കേരളത്തിലെ പൊതുരാഷ്‌ട്രീയം ചർച്ച ചെയ്യുമ്പോൾ ഏതെല്ലാം വിഷയം സ്വാഭാവികമായി പരാമർശിക്കാമോ അതിനപ്പുറം ഒരു ചർച്ചയും ഉണ്ടായിട്ടില്ല. തങ്ങൾ പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും കാനം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മാധ്യമവാർത്തകളെ കാനം പൂർണ്ണമായും തള്ളി.

Read Also: കോവിഡ് രജിസ്റ്ററിൽ ‘അഭി എം.കെ.’ ; കെഎസ്‌യു സംസ്ഥാന അധ്യക്ഷനെതിരെ ആൾമാറാട്ടത്തിനു കേസ്

ചില നയപരമായ പ്രശ്‌നങ്ങളിൽ ഇടതുനിലപാടിൽ നിന്നു വ്യതിചലിക്കുമ്പോൾ തങ്ങൾ പരസ്യമായി പറയാറുണ്ട്. അത് മുന്നണിയെ ശിഥിലീകരിക്കാനല്ലെന്നും കാനം പറഞ്ഞു.

കോൺഗ്രസിനെതിരെയും കാനം രൂക്ഷ വിമർശനമുന്നയിച്ചു. രാജ്യത്ത് ഭൂരിപക്ഷം ഉപയോഗിച്ച് സ്വേച്ഛാധിപത്യം നടപ്പാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി സമരം നടക്കുമ്പോൾ ഇടതുമുന്നണിക്കെതിരെയാണോ ബിജെപിക്കെതിരെയാണോ സമരം ചെയ്യേണ്ടതെന്ന് കേരളത്തിലെ കോൺഗ്രസ് ആലോചിക്കണം. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കാണണമെന്ന നിലപാടാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നതെന്നും കാനം പരിഹസിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.