തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ വെന്റിലേറ്ററാകാൻ എൽഡിഎഫ് ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍ഡിഎഫിനില്ല. നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ് എൽഡിഎഫ് എന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.

“ദുര്‍ബലപ്പെടുമ്പോള്‍ ഏതെങ്കിലും വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത ഞങ്ങള്‍ക്കില്ല. അവരുടെ വെന്റിലേറ്റര്‍ ആയി പ്രവര്‍ത്തിക്കാന്‍ എല്‍ഡിഎഫില്ല. ആരെങ്കിലും ആരെയും സ്വാഗതം ചെയ്യട്ടെ. നമ്മുടെ കൂടെ ഇല്ലല്ലോ. അവര്‍ എങ്ങോട്ട് പോയാലും എല്‍ഡിഎഫിനെന്താ പ്രശ്‌നം.” കാനം ചോദിച്ചു.

Also Read: കാളപെറ്റുവെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷം പാല്‍ കറക്കാന്‍ ഓടുന്നു: മുഖ്യമന്ത്രി

അവരുടെ വിധി അവര്‍ തീരുമാനിക്കും. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ കുറച്ചു വ്യത്യാസമുണ്ട്‌. നയങ്ങളുടെ അടിസ്ഥാനത്തിലുള്ള മുന്നണിയാണ് എല്‍ഡിഎഫ്. ഇടതു നയമാണ് മുന്നണിയുടേത്. ആരെങ്കിലും എവിടെ നിന്നെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: ജോസ് കെ.മാണി പക്ഷത്തെ യുഡിഎഫില്‍നിന്ന് പുറത്താക്കി

അതേസമയം, ജോസ് കെ.മാണി വിഭാഗത്തിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. കോട്ടയം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ മൂന്ന് നേതാക്കൾ കൂടി പാർട്ടിവിട്ടു. പാല നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ ടോണി തോട്ടത്തിൽ, കൗൺസിലർമാരായ ജോബി വെള്ളാപ്പാണിയിൽ, ടോമി തറക്കുന്നേൽ എന്നിവരാണ് പാർട്ടി വിട്ടത്. കോട്ടയം ജില്ല സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കൽ രാവിലെ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിരുന്നു.

Also Read: കേരളത്തിൽ ഒരു കോവിഡ് മരണം കൂടി; മരണസംഖ്യ 24 ആയി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെത്തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫില്‍ നിന്നു പുറത്താക്കിയത്. ജോസ് പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അറിയിച്ചു. പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതിരുന്ന ജോസ് വിഭാഗത്തെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ലെന്ന് ബെന്നി ബഹനാന്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.