തിരുവനന്തപുരം: മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇടതു സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെയാണ് പൊലീസ് പ്രവര്‍ത്തിച്ചതെന്ന് കാനം പറഞ്ഞു. മുഖ്യമന്ത്രി കോഴിക്കോട് എത്തുന്ന ദിവസം തന്നെ ഇത്തരത്തിലൊരു സംഭവം ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണെന്നും കാനം പറഞ്ഞു.

ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാത്രമേ ഇത്തരം നിയമങ്ങള്‍ ചുമത്താന്‍ പാടുള്ളൂവെന്നാണ് നിർദേശം. ഇത് മറി കടന്നാണ് കോഴിക്കോട് രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്. ഇത്തരം പ്രവൃത്തികള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭൂഷണമല്ലെന്നും കാനം പറഞ്ഞു. കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ നിലവിലുള്ള സംവിധാന പ്രകാരം തെറ്റില്ല. വിചാരണ കൂടാതെ തടവില്‍ വയ്ക്കുന്ന ഒരു നിയമത്തോടും യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: മാവോയിസ്റ്റ് ബന്ധം: കോഴിക്കോട് രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ, യുഎപിഎ ചുമത്തി

കോഴിക്കോട് സ്വദേശികളായ അലന്‍ ഷുഹൈബ്, താഹ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരുടെ വീടുകളില്‍ നിന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖകള്‍ കണ്ടെടുത്തതായി പൊലീസ് പറയുന്നു. അട്ടപ്പാടി പൊലീസ് വെടിവയ്‌പിൽ പ്രതിഷേധിചുള്ള ലഘുലേഖ ഇവരില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലുള്ള തലശേരി പാലയാടിലെ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ നിയമവിദ്യാർഥിയാണ് അലന്‍. അലനും താഹയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook