scorecardresearch
Latest News

കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ രക്ഷിക്കാൻ കഴിയില്ല: സിപി എമ്മിനെ പരിഹസിച്ച് കാനം രാജേന്ദ്രൻ

ജനകീയ സമരങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നിന്നാൽ ജനങ്ങൾ അകന്നുപോകും. നമ്മളെല്ലാം ശരി തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്യൂണിസറ്റ് സമീപനമല്ലെന്നും കാനം

maradu flats,മരട് ഫ്ളാറ്റ്, kanam rajendran,കാനം രാജേന്ദ്രന്‍, sabarimala,ശബരിമല, kanam on maradu, ie malayalam,

തിരുവനന്തപുരം: മനുഷ്യൻ കണ്ടാലും പഠിക്കണം, കൊണ്ടാലും പഠിക്കണം ഇതു പറ്റില്ല എന്ന് വാശിയുള്ളവരെ രക്ഷിക്കാൻ പറ്റില്ലെന്ന് സിപിഐ സസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനകീയ സമരങ്ങളിൽ നിന്നും മുഖം തിരിഞ്ഞു നിന്നാൽ ജനങ്ങൾ അകന്നുപോകും. നമ്മളെല്ലാം ശരി തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്യൂണിസറ്റ് സമീപനമല്ലെന്നും അദ്ദേഹം പറഞ്ഞു. എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ലോ അക്കാദമി സമര വിജയികൾക്ക് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പേരെടുത്ത് പറയാതെ സിപിഎമ്മിനെതിരെ കാനത്തിന്റെ വിമർശനവും പരിഹാസവും.

നന്ദിഗ്രാമിൽ സിപിഐയുടെ എംഎൽഎ ആയിരുന്നു ഇല്യാസ് മുഹമ്മദ്. അടുത്ത നാല് മണ്ഡലങ്ങളിലും സിപിഐ ആയിരുന്നു. ജയിച്ചത്. അവിടുത്തെ ലോക്‌സഭാ എംപിയായിരുന്നത് സിപിഎമ്മും. ഇടത് പക്ഷത്തിന് ഏറെ സ്വാധീനമുള്ള പ്രദേശമായിരുന്നു അത്. അവിടെ നിന്നും അന്യായമായി കൃഷി സ്ഥലമേറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. അതിനെതിരെയുളള ആദ്യ യോഗം ഇല്യാസിന്റെ വീട്ടിലാണ് ചേർന്നത്. കൃഷിക്കാരുടെ സമരത്തിന് രൂപം നൽകാൻ ചേർന്ന യോഗത്തിൽ സിപിഎം എംപിയും പങ്കെടുത്തിരുന്നു. അത് അവരുടെ ബാധ്യതയായിരുന്നു. പിന്നീട് വികസനം വേണോ കൃഷി വേണോ എന്ന വിഷയങ്ങൾ തമ്മിൽ ഏറ്റുമുട്ടി. വികസനം മതി എന്ന് തീരുമാനമായി. ആദ്യം സിപിഎമ്മും പിന്നീട് സിപിഐയും സമരത്തിൽ നിന്നും പിന്മാറി. എന്നാൽ പാർട്ടി മാത്രമേ പിന്മാറിയുളളൂ, അവിടുത്തെ കർഷകർ പിന്മാറിയില്ല. അവർ ഉറച്ചു നിന്നു. അവിടെയാണ് തൃണമൂൽ കോൺഗ്ര്സ് വന്ന് സമരത്തിന് നേതൃത്വം നൽകിയത്. 34 വർഷത്തിന് ശേഷം ബംഗാളിലെ ഇടതുപക്ഷഭരണം ഇല്ലാതായത് അവിടെ നിന്നാണ്. വികസനത്തിന് നേതൃത്വം നൽകിയ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും പിന്നീട് ഈ വിഷയത്തിലെ തെറ്റ് ഏറ്റു പറഞ്ഞു. ജനകീയസമരങ്ങളിൽ മുഖം തിരിഞ്ഞാൽ ജനങ്ങളിൽ നിന്നകന്നു പോകും. അതിൽ നിന്നും പാഠം ഉൾക്കൊണ്ടാണ് മുന്നോട്ട് പോകാൻ സിപിഐ തീരുമാനിച്ചത്.

സംഘപരിവാറുമായി കൂടിയില്ലേ എന്ന് ചില സ്നേഹിതന്മാർ ചോദിക്കും. ജനകീയ പ്രശ്നങ്ങളിൽ എന്തിനാണ് അത് ചോദിക്കുന്നത്. ജനകീയ പ്രശ്നങ്ങളിൽ എന്തിനാണ് രാഷ്ട്രീയ വേർ തിരിവ്. നവലിബറൽ നയങ്ങൾക്കെതിരായി സമരത്തിൽ 11കേന്ദ്ര ട്രേഡ് യൂണിയൻ വേദി പങ്കിട്ടു. അന്നത് ശരിയായിരുന്നു എന്ന് പറഞ്ഞവർ ഇന്നു തെറ്റാണെന്നു പറയുന്നത് എങ്ങനെ?. സിപിഐയും എഐഎസ്എഫും ലോ അക്കാദമി സമരത്തിൽ സ്വീകരിച്ച സമീപനം കൊണ്ടാണ് ബിജെപി ക്രെഡിറ്റ് കൊണ്ടുപോകാത്തത്.

സിപിഎമ്മും സിപിഐയും തമ്മിൽ രാഷ്ട്രീയ വിയോജിപ്പിന്റെ പ്രശ്നമില്ല. വ്യത്യസ്ത സമീപനം ഉണ്ടാകും. അത് ഉന്നയിക്കുമ്പോൾ ആരാണ് ശരിയായ പാതയിൽ എന്ന് ജനം തീരുമാനിക്കട്ടേ. സർക്കാർ നിലപാടാണ് വി.മുരളീധരനെ സമരരംഗത്ത് കൊണ്ടുവന്നത് എന്നുപറഞ്ഞാൽ സ്വയം വിമർശനപരമായി അതിനെ വിലയിരുത്താൻ കഴിയണം. നമ്മളെല്ലാം ശരി തെറ്റെല്ലാം വേറെ ഭാഗത്ത് എന്നത് കമ്യൂണിസറ്റ് സമീപനമല്ല. ഫാസിസവുമായി യോജിച്ച പ്രസ്ഥാനവുമായി പോകേണ്ട സമയത്ത് സംഘടനകളിൽ ജനാധിപത്യം കടന്നുവരണം. യുണിവേഴ്‌സിറ്റി കോളജിലെ കുട്ടികൾ എന്നെ കാണാൻ വന്നു. ജനാധിപത്യം സ്വാതന്ത്ര്യം എന്ന് എഴുതി വച്ചാൽ പോര പ്രവർത്തനത്തിൽ വരണം. ഫാസിസത്തിനെതിരെ ലേഖനം എഴുതിയാൽ പോരാ ജനങ്ങളെ ഒരുമിക്കാനുള്ള അന്തർ ധാര ആ പ്രവർത്തനങ്ങൾക്കുണ്ടോ എന്നായിരിക്കും ജനങ്ങൾ നോക്കുക-കാനം പറഞ്ഞു.

കൊടിയുടെ നിറം നോക്കാതെ എല്ലാ വിദ്യാർത്ഥികളും ഒന്നിച്ചു നിന്നതിനാലാണ് സമരം വിജയയിച്ചതെന്ന് ലോ അക്കാദമി വിദ്യാർത്ഥി സമരത്തിന്റെ മുൻനിരക്കാരിയായ ആര്യ വി.ജോൺ പറഞ്ഞു. ആദ്യ പത്ത് ദിവസം സമരം ജനങ്ങളിലെത്തിക്കാൻ ബുദ്ധിമുട്ടി. പല മാധ്യമങ്ങളുടെയും നേതാക്കളുടെയും ഓഫീസിൽ പോയി കൊട്ടി വിളിച്ചു, അത് അടഞ്ഞു കിടന്നതേയുളളൂ. 15 ദിവസം കഴിഞ്ഞപ്പോഴാണ് മീഡിയ ഏറ്റെടുത്തത്. സമരത്തെ വിജയത്തിലേയ്ക്ക് കൊണ്ടുപോകുന്നതിൽ വിദ്യാർത്ഥിനികൾക്ക് പ്രധാന പങ്കുണ്ട്. പെൺകുട്ടികൾക്ക് കടന്നുവരാൻ ധൈര്യം നൽകിയത് അവിടെയുളള സംഘടനകളിലെ സഹോദരരാണ്. നമ്മുടെ ഭാഗത്ത് സത്യമുണ്ടെങ്കിൽ കൊലകൊമ്പന്മാരെ മുട്ടിക്കുത്തിക്കാം. ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച് പെൺകുട്ടികളുടെ സ്വകാര്യത കൈയ്യേറിയ ലക്ഷമി നായരെ മുട്ടു കുത്തിക്കാൻ കഴിഞ്ഞത് സത്യമുള്ളതുകൊണ്ടാണ്-ആര്യ പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kanam rajendran cpi cpm law accademy issue