കോട്ടയം: കാനത്തിന്‍റെ സർട്ടിഫിക്കറ്റിലല്ല താൻ നിൽക്കുന്നതെന്ന് കേരളാ കോൺഗ്രസ് നേതാവ് കെ.എം.മാണി. മാണിക്കൊപ്പം എൽ​ഡിഎഫിൽ പ്രവർത്തിക്കാൻ​ പ്രയാസമാണെന്നും അദ്ദേഹത്തോടുളള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടാണ് ഇത് പറയുന്നതെന്നുമുളള കാനം രാജേന്ദ്രന്‍റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു മാണി.

കാനം മറുപടി അർഹിക്കുന്നില്ല. പതിമൂന്ന് തിരഞ്ഞെടുപ്പിൽ മൽസരിച്ച് ജയിച്ചയാളാണ്. ജനങ്ങൾക്ക് തന്നെയറിയാം. കാനത്തിന്‍റെ സർട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ലെന്നും മാണി പരിഹസിച്ചു.

മാണിക്കൊപ്പം എല്‍ഡിഎഫില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് പ്രയാസമാണെന്നും അദ്ദേഹത്തോടുള്ള എല്ലാ ആദരവും വച്ചുകൊണ്ടുതന്നെയാണ് ഇക്കാര്യം പറയുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് പറഞ്ഞിരുന്നു. കോട്ടയം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കറുകച്ചാലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാണിയെ എൽഡിഎഫിലേയ്ക്ക് എടുക്കാൻ സിപിഎമ്മിന്‍റെ നേതൃത്വത്തിൽ ശ്രമം നടക്കുന്നുവെന്ന അഭ്യുഹം ഉയർന്ന സാഹചര്യം മുതൽ സിപിഐ കെ.എം.മാണിക്കെതിരെ ആഞ്ഞടിക്കുകയാണ്.​ അതിന്‍റെ തുടർച്ചയിലാണിത്.

നേരത്തെയും ഇരുവരും തമ്മിൽ വാക് പോര് നടന്നിരുന്നു. കേരളാ കോൺഗ്രസ് (എം) വെന്റിലേറ്ററിലായ പാർട്ടിയെന്ന് സിപിഐ കോഴിക്കോട് സമ്മേളനത്തിൽ കാനം രാജേന്ദ്രൻ പരിഹസിച്ചിരുന്നു. യുഡിഎഫിലേയ്ക്ക് ഇല്ലെന്ന് വ്യക്തമാക്കിയ കെ.എം.മാണി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പരിഹാസത്തിനും തിരിച്ചടിച്ചിരുന്നു. സിപിഐ ശവക്കുഴിയിലായ പാർട്ടിയാണെന്നായിരുന്നു മാണിയുടെ മറുപടി.

അന്ത്യകൂദാശ കാത്ത് കിടക്കുന്ന പാർട്ടികളുടെ വെന്രിലേറ്ററല്ല ഇടതുമുന്നണിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരിഹാസം. ശവക്കുഴിയിലായ പാർട്ടി വെന്റിലേറ്ററിലായവരെ പരിഹസിക്കേണ്ടതില്ലെന്നായരുന്നു അതിന് മാണിയുടെ തിരിച്ചടി.

ഒറ്റയ്ക്ക് നിന്ന് ഒരു സീറ്റ് പോലും ജയിക്കാൻ കഴിയാത്ത പാർട്ടിയാണ് സിപിഐ. അവരാണ് ഒറ്റയ്ക്ക് നിന്ന് ജയിച്ച് ശക്തി കാണിച്ച കേരളാ കോൺഗ്രസിനെ വെന്രിലേറ്ററിൽ കിടക്കുന്ന പാർട്ടിയെന്ന് പറയുന്നത്. ശവക്കുഴിയിലായ പാർട്ടി വെന്രിലേറ്ററിലായവരെ പരിഹസിക്കേണ്ടതില്ലെന്നാണ് മാണി നേരത്തെ പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ