തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ തന്നെ തുടരും. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം തവണയാണ് കാനം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയാകുന്നത്.
കെ ഇ ഇസ്മായിൽ ആണ് കാനത്തിന്റെ പേര് നിർദേശിച്ചത്. പന്ന്യൻ രവീന്ദ്രൻ പിന്താങ്ങി. കാനത്തിന് മുൻപ് എൻ ഇ ബലറാം, പി കെ വാസുദേവൻ നായർ എന്നിവരാണ് മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 101 പേരെയാണ് സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നായിരുന്നു സമ്മേളനം തുടങ്ങുന്ന സമയത്ത് റിപ്പോർട്ടുകൾ. എന്നാൽ ദേശീയ നേതൃത്വം ഇടപെട്ട് സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിന്റെ സാധ്യതകൾ ഒഴിവാക്കണമെന്ന നിർദേശം മുന്നോട്ട് വെക്കുകയായിരുന്നു.
സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി ദിവാകരന് പിന്നാലെ കെഇ ഇസ്മയിലും പുറത്തായിരുന്നു. 75 വയസ് പ്രായപരിധി ജില്ലാ നേതൃത്വം നടപ്പാക്കിയതോടെ മുതിര്‍ന്ന നേതാക്കള്‍ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു. പിരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇടുക്കിയില്‍ നിന്നുള്ള കാനം പക്ഷത്തെ പ്രമുഖ നേതാക്കളായ ഇഎസ് ബിജിമോളെയും വാഴൂര്‍ സോമനെയും ഒഴിവാക്കി. കൊല്ലത്തുനിന്ന് ജയലാലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.