/indian-express-malayalam/media/media_files/uploads/2019/07/Pinarayi-Vijayan-and-Kanam-Rajendran.jpg)
കൊച്ചി: താന്‍ പണ്ടും മുഖ്യമന്ത്രി പിണറായി വിജയന് എതിരല്ലായിരുന്നു എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വ്യക്തി വിരോധത്തിന്റെ പ്രശ്‌നമേയില്ല. സര്‍ക്കാര്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് മാറി പോയപ്പോള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ വിമര്‍ശിച്ചിട്ടുണ്ട്. അത് വ്യക്തി വിരോധം കൊണ്ടല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
സിപിഐയുടെ നിലപാടുകള്‍ ഇടതുപക്ഷ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്നു പോകുന്നതുകൊണ്ട് ഇപ്പോഴും ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ തുടരുന്നത്. എന്നാല്‍, ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ മാറി പോകുമ്പോള്‍ വിമര്‍ശിക്കേണ്ടി വന്നിട്ടുണ്ട്. അല്ലാതെ, എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് പിണറായിയെ ചീത്ത വിളിക്കണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് നടക്കില്ല. മാധ്യമങ്ങളുടെ ട്യൂണിനനുസരിച്ച് ഡാന്‍സ് ചെയ്യാന്‍ സാധിക്കില്ല. ഭരണപക്ഷത്തുള്ള സിപിഐ എപ്പോഴും പ്രതിപക്ഷത്തിന്റെ നിലപാട് സ്വീകരിക്കണമെന്ന് മാധ്യമങ്ങള്‍ പറഞ്ഞാല്‍ അത് നടക്കില്ല - കാനം രാജേന്ദ്രന്‍ പറഞ്ഞു.
Read Also: ചാണകവെള്ളം തളിക്കല്‍; തനിക്കെതിരെ കോണ്‍ഗ്രസ് നടത്തിയത് ജാതീയമായ അധിക്ഷേപം: ഗീതാ ഗോപി എംഎല്‍എ
പൊലീസ് നിലപാടുകളില്‍ എതിര്‍ക്കേണ്ടതിനെ എന്നും എതിര്‍ത്തിട്ടുണ്ട്. ഏറ്റവും അവസാനമായി പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെ സിപിഐ ശക്തമായി എതിര്‍ത്തിട്ടുണ്ട്. എതിര്‍ക്കേണ്ടിടത്ത് അത് ചെയ്യുമെന്നും കാനം പറഞ്ഞു.
എറണാകുളത്ത് സിപിഐ നേതാക്കള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. താന്‍ പറഞ്ഞപ്പോള്‍ അന്വേഷണം കലക്ടറെ ഏല്‍പ്പിച്ചു. പൊലീസ് നടപടിയെ അദ്ദേഹം തള്ളി പറയുകയും ചെയ്തു. ഇതില്‍ കൂടുതല്‍ എന്താണ് ചെയ്യാന്‍ പറ്റുക എന്നും കാനം ചോദിച്ചു.
അതേസമയം, എല്‍ദോ എബ്രഹാം എംഎല്‍എയുടെ കൈ ഒടിഞ്ഞിട്ടില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അന്വേഷണം അട്ടിമറിക്കുന്നതിനു വേണ്ടിയാണെന്ന് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു. എല്‍ദോയുടെ കൈ ഒടിഞ്ഞു എന്ന് എവിടെയും പറഞ്ഞിട്ടില്ലെന്ന് രാജു പറഞ്ഞു. പൊലീസ് മനഃപ്പൂര്‍വ്വം ഉണ്ടാക്കിയ റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവിട്ടത്. അന്വേഷണം അട്ടിമറിക്കുന്നതിന് വേണ്ടിയാണിത്. കലക്ടറുടെ നേതൃത്വത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്ന വിഷയത്തില്‍ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതില്‍ സിപിഐ അതൃപ്തി അറിയിച്ചു.
പൊലീസ് മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കുകയായിരുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ലാത്തിചാര്‍ജിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തിയാണ് ലാത്തിചാര്‍ജ് നടന്നത്. ഇതില്‍ ഗൂഢാലോചനയുണ്ട്. ഞാറയ്ക്കല്‍ സിഐക്കെതിരെ നടപടിയുണ്ടാകുമെന്നും രാജു കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.