ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ ആലപ്പുഴയില്‍ പോസ്റ്റര്‍. സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന്റെ ചുവരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജുവിനും അഭിവാദ്യമര്‍പ്പിച്ചുള്ളതാണ് പോസ്റ്ററുകള്‍. കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ എന്നാണ് പോസ്റ്ററില്‍ പറയുന്നത്. അമ്പലപ്പുഴ സിപിഐയിലെ ‘തിരുത്തല്‍ വാദികള്‍’ പതിച്ചത് എന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്.
എന്നാൽ, പോസ്റ്ററുകൾ പതിച്ചത് സിപിഐക്കാർ അല്ലെന്നാണ് പാർട്ടി പറയുന്നത്. കാനത്തിനെതിരെ പാർട്ടിയിൽ നിന്നുള്ളവർ പോസ്റ്ററൊട്ടിക്കില്ലെന്നാണ് മന്ത്രി പി.തിലോത്തമൻ പറഞ്ഞത്. വിഷയം അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്ററുകൾ കാര്യമായി എടുക്കുന്നില്ലെന്നും വിമർശനങ്ങൾ പാർട്ടിയിലാണ് പറയേണ്ടതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
Read Also: ‘വീട്ടിലിരുന്ന എംഎൽഎയെ അല്ല മർദ്ദിച്ചത്’; പൊലീസിനെ വിമർശിക്കാതെ കാനം രാജേന്ദ്രൻ
അതേസമയം, കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തിൽ കാനം വിശദീകരണം നൽകി. ഗൂഢാലോചന ഉണ്ടോ എന്ന ചോദ്യത്തിനാണ് പൊലീസ് വീട്ടിൽ കയറിയല്ലല്ലോ അടിച്ചത് എന്ന് തിരിച്ചു പറഞ്ഞതെന്നും പൊലീസിനെ ന്യായീകരിക്കുകയല്ല താൻ ചെയ്തതെന്നും കാനം രാജേന്ദ്രൻ വിശദീകരിച്ചു.
പൊലീസ് അതിക്രമത്തിൽ ഗൂഢാലോചനയുണ്ടോ എന്ന ചോദ്യത്തിനാണ് വീട്ടിൽ കയറിയല്ല പൊലീസ് മര്‍ദിച്ചത് എന്ന പ്രതികരണം നടത്തിയത്. അത് വളച്ചൊടിക്കേണ്ട കാര്യമില്ല. സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സിപിഐക്കാര്‍ ഒട്ടിച്ചതല്ലെന്നും സിപിഐക്കാര്‍ ആരും അങ്ങനെ ചെയ്യില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.