കോഴിക്കോട്: അന്ത്യകൂദാശ അടുത്തുവരുന്ന പാർട്ടികളുടെ വെന്റിലേറ്ററായി പ്രവർത്തിക്കേണ്ട ആവശ്യം എൽഡിഎഫിനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം. അഭിപ്രായ വ്യത്യാസം തുറന്നു പറയുന്നത് സിപിഐയുടെ ശീലമാണ് എന്ന് പറഞ്ഞുകൊണ്ടാണ് സിപിഐ നേതാവ് തുറന്നടിച്ചത്.

കഴിഞ്ഞ കുറച്ച് കാലമായി എൽഡിഎഫ് വികസനവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദത്തിൽ സിപിഐ ഒരിക്കൽ കൂടി തങ്ങളുടെ നിലപാട് വ്യക്തമാക്കി. കെ.എം.മാണിയെ എൽഡിഎഫിൽ എടുക്കുമെന്ന നിലയിലുളള വാർത്തകൾ വരുമ്പോഴാണ് അതിനോടുളള വിയോജിപ്പ് പ്രത്യക്ഷത്തിൽ തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി രേഖപ്പെടുത്തിയത്.  മുന്നണി വികസന കാര്യത്തിൽ മാത്രമല്ല, ദേശീയ, രാജ്യാന്തര നിലപാടുകളിലും സിപിഎമ്മിനോടുളള സിപിഐയുടെ വിയോജിപ്പ് കാനം ഉദ്ഘാടന പ്രസംഗത്തിൽ പ്രകടിപ്പിച്ചു.

സിപിഎമ്മിനെ ദുർബലമാക്കി എൽഡിഎഫിനെ ശക്തിപ്പെടുത്താമെന്ന് സിപിഐയോ, സിപിഐയെ ദുർബലമാക്കി എൽഡിഎഫ് ശക്തിപ്പെടുമെന്ന് സിപിഎമ്മോ ചിന്തിക്കില്ല. ഇടതുമുന്നണിയുടെ അടിത്തറ വികസിപ്പിക്കണമെന്നത് സിപിഐയുടെയും നിലപാടാണ്. മുന്നണി വിട്ടുപോയ കക്ഷികൾ തിരികെ വരണമെന്ന് ആദ്യം പറഞ്ഞത് സിപിഐയാണ്. ആ പാർട്ടികൾ തിരികെ മുന്നണിയിലേയ്ക്ക് വരുന്നതിനെ സിപിഐ സ്വാഗതം ചെയ്യുന്നു. മുന്നണി സംവിധാനം ഒരു പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്. അതിനോട് യോജിക്കാൻ സാധിക്കുന്നവരാകും ഒരു മുന്നണിയിലുണ്ടാവുക.

നിലവിൽ എൽഡിഎഫ് മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. പുറത്ത് നിന്ന് ഒരാളെയും എടുക്കേണ്ട ആവശ്യമില്ല. പുതിയ പാർട്ടിയെ എടുക്കേണ്ട ബലഹീനത എൽഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരകൊറിയയുടെയും ചൈനയുടെയും കാര്യത്തിലും ദേശീയതലത്തിലെ രാഷ്ട്രീയ നിലപാടിലും സിപിഎമ്മിന്രെ നിലപാടിനോട് സിപിഐ സംസ്ഥാന സെക്രട്ടറി വിയോജിപ്പ് രേഖപ്പെടുത്തി. ഉത്തരകൊറിയെയും ചൈനയെയും പിന്തുണയ്ക്കേണ്ട ആവശ്യം നമുക്ക് ഇപ്പോഴില്ലെന്നായിരുന്നു കാനത്തിന്രെ വാക്കുകൾ.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചൈനയെയും ഉത്തരകൊറിയെയും അനുകൂലിച്ച് സിപിഎം ജില്ലാ സമ്മേളനങ്ങളിൽ പ്രസംഗിച്ചിരുന്നു.

യുപിഎ, എൻഡിഎ മുന്നണികളെ എതിർക്കേണ്ടതുണ്ടെങ്കിലും നിലവിൽ ബിജെപിയെയും ആർഎസ്എസ്സിനെയും തോൽപ്പിക്കുകയാണ് അടിയന്തര കടമയെന്നും കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.

ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെ സിപിഎമ്മിൽ ശക്തമായ എതിരഭിപ്രായമുണ്ട്. എന്നാൽ ബിജെപിയെയും ആർഎസ്എസിനെയും എതിർക്കാൻ കോൺഗ്രസുമായി ബന്ധമാകാം എന്ന നിലപാടാണ് സിപിഐയ്ക്കുളളത്. സിപിഎമ്മിന്രെ സമ്മേളനങ്ങളിൽ കോൺഗ്രസിനെതിരെ ശക്തമായ ഭാഷയിലാണ് നേതാക്കൾ നിലപാട് വ്യക്തമാക്കുന്നത്. അതിനിടയിലാണ് സിപിഐ സമ്മേളനത്തിൽ തങ്ങളുടെ നിലപാട് കാനം വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.