തിരുവനന്തപുരം: കോൺഗ്രസുമായി സഖ്യത്തിന് ക്ഷണിച്ച മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് പരിഹാസത്തിൽ പൊതിഞ്ഞ മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തലയ്ക്ക് സ്ഥിരതയുള്ള ആരും കോൺഗ്രസിനൊപ്പം പോകില്ലെന്ന് അദ്ദേഹം തിരിച്ചടിച്ചു.
കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന പൊതുപരിപാടിയിലാണ് സിപിഐയെ കോൺഗ്രസുമായി സഖ്യത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്ഷണിച്ചത്. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
“1969 മുതല്‍ 77 വരെ അച്യുതമേനോന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേരളത്തില്‍ മികച്ച ഭരണമാണ് കാഴ്ചവച്ചത്. അപ്പോള്‍ സിപിഐ-കോണ്‍ഗ്രസും ഒറ്റക്കെട്ടായിരുന്നു. ആ സുവര്‍ണ കാലഘട്ടം മടക്കി കൊണ്ടുവരുന്നതിന് സിപിഐ യുഡിഎഫിന്‍റെ ഭാഗമാകണം”, ഇതായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം.
ഇതിനാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് മറുപടി നൽകിയത്. “തലയ്ക്ക് സ്ഥിരതയുള്ള ആരും കോണ്‍ഗ്രസിനൊപ്പം പോകില്ല. സിപിഐയുടെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രൂപരേഖ സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു”, കാനം പറഞ്ഞു.