കൊച്ചി: കണ്ണൂർ ജില്ലയിലെ കനകമലയിൽ നിന്ന് അറസ്റ്റിലായവർക്ക് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്നുവെന്ന് എൻഐഎയുടെ കുറ്റപത്രം. കനകമലയിൽ വച്ച് ഇവർ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായും എൻഐഎയുടെ കുറ്റപത്രത്തിൽ പറയുന്നു. കേസിൽ അറസ്റ്റിലായ 8 പേർക്ക് എതിരെയും യുഎപിഎ ചുമത്തിയിട്ടുണ്ട്. കനകമലയിലെ കേസിൽ എൻഎ​ഐ​ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കിയിട്ടുണ്ട്. കണ്ണൂർ സ്വദേശി മൻസിൽ, മലപ്പുറം സഫ്വാൻ, തൃശൂർ സ്വദേശി സാലിക്‌ മുഹമ്മദ്‌, കുറ്റ്യാടി സ്വദേശികളായ റംഷാദ്‌, എൻ.കെ.ജാസിം എന്നിവരാണ്‌ കേസിലെ പ്രധാന പ്രതികൾ.

കനകമലയിലെ കെട്ടിടത്തിൽ തീവ്രവാദി സംഘം യോഗം ചേരുന്നതിനിടെയാണ്‌ എൻഐഎ വളഞ്ഞത്‌. രഹസ്യവിവരത്തെ തുടർന്ന്‌ മധ്യപ്രദേശ്‌ മുതൽ ഈ സംഘത്തെ ടവർ ലൊക്കേറ്റ്‌ ചെയ്ത്‌ എൻഐഎ സംഘം പിന്തുടരുകയായിരുന്നു. കേരളത്തിലെത്തിയ സംഘം എറണാകുളം, വടകര, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ എത്തിയ വിവരങ്ങൾ മാത്രമേ എൻഐഎ സംഘത്തിന്‌ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ടവർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ്‌ സംഘത്തെക്കുറിച്ച്‌ വീണ്ടും സൂചന ലഭിച്ചത്‌. തുടർന്ന്‌ നടത്തിയ അന്വേഷണത്തിൽ തീവ്രവാദിസംഘം കണ്ണൂർ ജില്ലയിലെ ചൊക്ലി പൊലീസ്‌ സ്റ്റേഷൻ പരിധിയിലെ കനകമലയിലാണെന്ന്‌ എൻഐഎ കണ്ടെത്തി. ഇതേ തുടർന്ന്‌ മഫ്തിയിലെത്തിയ ഇരുപതോളം വരുന്ന ഉദ്യോഗസ്ഥർ രാവിലെ പത്തരയോടെ കനകമല വളയുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ്‌ സംഘത്തിലെ യുവാക്കളായ അഞ്ചു പേർ പിടിയിലാകുന്നത്‌.

2015ലെ പാരിസ് ആക്രമണത്തിൽ പങ്കെടുത്തവരോടൊപ്പം വിദേശപരിശീലനം ലഭിച്ച മധുര സ്വദേശി സുബഹാനി ഹാജ മൊയ്തീൻ അടക്കമുള്ളവർ കേസിൽ പിടിയിലായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.