മലപ്പുറം: ശബരിമല ദർശനം നടത്തി വീട്ടിൽ തിരിച്ചെത്തിയ തന്നെ വീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന ആരോപണവുമായി കനകദുർഗ രംഗത്ത്. ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ മര്‍ദ്ദിച്ചതായാണ് കനകദുര്‍ഗ ആരോപിച്ചത്. ഇന്ന് പുലർച്ചയോടെയാണ് കനകദുർഗ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഉടൻ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്ന് കനകദുര്‍ഗ പറഞ്ഞു.

ഇതിന് പിന്നാലെ കനകദുര്‍ഗയെ പെരിന്തല്‍മണ്ണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭർത്താവിന്റെ അമ്മയാണ് ആദ്യം മർദ്ദിച്ചതെന്നും കനകദു‌ർഗ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശബരിമല ദര്‍ശനത്തിന് പിന്നാലെ കനകദുര്‍ഗയ്ക്കും ബിന്ദുവിനും നേരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇരുവരും ആഴ്ചകളോളം വീടുകളില്‍ പോയിരുന്നില്ല. ഇന്നലെ ബിന്ദു ജോലിക്കെത്തിയിരുന്നു. കനകദുര്‍ഗ ഇന്നു രാവിലെയാണ് വീട്ടിലെത്തിയത്.

എന്നാല്‍ കനകദുര്‍ഗ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ട് ഭര്‍ത്താവിന്റെ അമ്മയും ആശുപത്രിയില്‍ പ്രവേശിച്ചു. രാവിലെ സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് കനകദുര്‍ഗ എത്തിയതെന്നാണ് വിവരം. പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും അനിഷ്ട സംഭവങ്ങള്‍ നടന്നു. ഇരുവരും പരസ്പരം കൈയേറ്റം നടത്തുകയായിരുന്നെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്ഭൂഷണ്‍ പറഞ്ഞു. കനകദുര്‍ഗ വീട്ടിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ വടി കൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.