ന്യൂഡൽഹി: ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ്ഗയ്ക്കും ബിന്ദുവിനും പൊലീസ് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും സർക്കാർ അത് ചെയ്യണമെന്നും കോടതി വ്യക്തമാക്കി.

മുഴുവൻ സമയ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കനകദുർഗ്ഗയും ബിന്ദുവും സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി ഉത്തരവ്. ശബരിമലയിൽ ദര്‍ശനം നടത്തിയ ശേഷം ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹർജി നൽകിയത്.

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ചാണ് ശബരിമലയിൽ ദർശനം നടത്തിയതെന്നും പിന്നീട് കേരളത്തിൽ ജീവിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നുമാണ് ഇരുവരും ഹർജിയിൽ ചൂണ്ടിക്കാട്ടിയത്.

ദര്‍ശനത്തിന് ശേഷം ശാരീരികമായും മാനസികമായും നിരന്തരം അക്രമിക്കപ്പെടുകയാണ്. നവമാധ്യമങ്ങളിലൂടെയും അധിക്ഷേപിക്കപ്പെടുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണം. സന്നിധാനത്തെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

ജനുവരി രണ്ടിന് പുലർച്ചെയാണ് കനക ദുര്‍ഗ്ഗയും ബിന്ദുവും അയ്യപ്പ ദര്‍ശനം നടത്തിയത്. വാർത്ത പുറത്ത് വന്നതോടെ സംസ്ഥാനത്തൊട്ടാകെ അക്രമ സംഭവങ്ങൾ അരങ്ങേറി. കനക ദുര്‍ഗ്ഗയ്ക്ക് വീട്ടില്‍ നിന്നും അക്രമം നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook