അ: അമ്മ, ആ: ആര്‍ത്തവും. എറണാകുളം മറൈന്‍ ഡ്രൈവിലെ ഹെലിപാട് മൈതാനത്ത് ശനിയാഴ്ചയും ഞായറാഴ്ചയുമായി തൊട്ടുകൂടായ്മയ്‌ക്കെതിരെ നടന്നുവരുന്ന ആര്‍പ്പോ ആര്‍ത്തത്തിന്റെ വേദിയ്ക്ക് പുറത്ത് കണ്ട വാക്കുകളാണിത്. ആര്‍ത്തവം അശുദ്ധമല്ലെന്നും അത് തീര്‍ത്തും ജൈവികമായ ഒരു പ്രക്രിയയാണെന്നും മനസിലാക്കുന്ന, ആര്‍ത്തവമുള്ള സ്ത്രീകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്നും സമൂഹത്തില്‍ എല്ലാവര്‍ക്കും തുല്യസ്ഥാനം വേണമെന്നുമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു വിഭാഗം ആളുകള്‍ ഒന്നിച്ചേര്‍ന്നപ്പോള്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായിരുന്നു. അല്ലെങ്കില്‍ അവര്‍ ആര്‍ത്തവത്തെ ആഘോഷിക്കുകയായിരുന്നു.

പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയണെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി പിന്മാറുകയായിരുന്നു. പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ പിന്മാറ്റം എന്നും അറിയുന്നു.

അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ കയറിയ ബിന്ദു അമ്മിണിയും കനക ദുര്‍ഗയും ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുത്തു. കൈയ്യടികളോടെയും ആരവങ്ങളോടെയുമായിരുന്നു ഇരുവരേയും ആര്‍പ്പോ ആര്‍ത്തവ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

തങ്ങള്‍ പ്രതീക്ഷിക്കുന്നത് പൊതു സമൂഹത്തിന്റെ പിന്തുണയാണെന്നും പുരോഗമനമായി ചിന്തിക്കുന്ന ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ തന്ന ധൈര്യത്തിലാണ് ഇത്തരം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതെന്നും, ഇനിയും ഇത്തരം പരിപാടികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഇരുവരും വ്യക്തമാക്കി. കൂടാതെ തങ്ങള്‍ മാത്രമായി എന്തെങ്കിലും ചെയ്തുവെന്നു കരുതുന്നില്ലെന്നും ഇവര്‍ പറഞ്ഞു.

ശനിയാഴ്ച തുടങ്ങിയ പരിപാടിയില്‍ തമിഴ് സംവിധായകന്‍ പാ രഞ്ജിത്തും പങ്കെടുത്തു. വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് പാ രഞ്ജിത് അഭിപ്രായപ്പെട്ടു. പ്രായഭേദമന്യേ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമെല്ലാം പരിപാടിയുടെ ഭാഗമായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ