കൊച്ചി: ‘മീശ’ നോവൽ കത്തിച്ച സംഭവം അത്ഭുതപ്പെടുത്തിയെന്ന് കമൽഹാസൻ. സാക്ഷരത കൊണ്ടു മാത്രം കാര്യമില്ല. വിവേകമാണ് വേണ്ടത്. അസഹിഷ്ണുതകൾക്കെതിരായ ശബ്ദമായിരുന്നു കേരളം. കേരളം ഉണരേണ്ടിയിരിക്കുന്നുവെന്നും കമൽഹാസൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഹൈന്ദവ സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകളെന്നാരോപിക്കപ്പെട്ട ‘മീശ’ നോവൽ സംഘപരിവാർ പ്രവർത്തകരാണ് കത്തിച്ചത്. മാതൃഭൂമി ആഴ്ചപതിപ്പിൽ നിന്ന് പിൻവലിച്ച നോവൽ ഡിസി ബുക്‌സ് പുസ്തകമാക്കി ഇറക്കിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം. തിരുവനന്തപുരത്ത് ഡിസി ബുക്സിന്റെ സ്റ്റാച്യു ജംങ്ഷനിലെ ഓഫീസിന് മുന്നിലിട്ടാണ് നോവൽ സംഘപരിവാർ-ബിജെപി പ്രവർത്തകർ കത്തിച്ചത്.

മാതൃഭൂമി ആഴ്ചപതിപ്പിൽ രണ്ട് ലക്കം പ്രസിദ്ധീകരിച്ചു കഴിഞ്ഞപ്പോഴാണ് സംഘപരിവാർ സംഘടനകൾ നോവലിലെ ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തിന്റെ പേരിൽ വിവാദവും അക്രമവും ആരംഭിച്ചത്. ഹരീഷിന്റെ കുടുംബാംഗങ്ങൾക്ക് നേരെ അശ്ലീലവും അസഭ്യവുമായ രീതിയിൽ സൈബർ ആക്രമണം നടന്നു. ഇതോടെ ഹരീഷ് ജൂലൈ 21 ന് നോവൽ​ ഖണ്ഡശഃ പ്രസിദ്ധീകരിക്കുന്നത് പിൻവലിച്ചതായി അറിയിച്ചു. മൂന്നാം ഭാഗം വന്നതിന്​ ശേഷമായിരുന്നു നോവൽ പിൻവലിച്ചത്.

ഇതിനുപിന്നാലെ എസ്.ഹരീഷിന്റെ നോവൽ ‘മീശ’ പുസ്തക രൂപത്തിൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചു. “എസ്.ഹരീഷിന്റെ ‘മീശ’ ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയാണ്. എസ്.ഹരീഷ് മുന്‍ പുസ്തകങ്ങളെപ്പോലെ ഡിസി ബുക്‌സിനെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അതിനാല്‍ത്തന്നെ അതിന്റെ പ്രസീദ്ധീകരണം നിര്‍വ്വഹിക്കുക എന്നത് ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു. എക്കാലത്തും എഴുത്തുകാരോടും വായനക്കാരോടൊപ്പമാണ് ഞങ്ങള്‍. ‘മീശ’ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായി വന്നേക്കാം. ബഷീറിന്റെയോ വികെഎന്റെയോ ചങ്ങമ്പുഴയുടെയോ വിടിയുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേയ്ക്കാം. അതിനാല്‍ ‘മീശ’യുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,” എന്ന് ഡിസി ബുക്സ് അറിയിച്ചു.

കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഹരീഷിന്റെ ‘രസവിദ്യ’, ‘ആദം’ ‘അപ്പൻ’ എന്നീ കഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനുളളിൽ മലയാള സാഹിത്യലോകത്ത് ഏറെ ശ്രദ്ധേയമായ കഥകളാണ് ഹരീഷിന്റേത്. ഹരീഷിന്റെ കഥയെ അടിസ്ഥാനമാക്കി സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ‘ഏദൻ’ എന്ന ചലച്ചിത്രം രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ എന്ന സിനിമയുടെ പ്രവർത്തനവും അണിയറയിലാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ