കൊച്ചി: നടൻ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത വിഷയത്തിൽ പ്രതികരണവുമായി കമൽഹാസൻ. ചർച്ച ചെയ്തതിനുശേഷം വേണമായിരുന്നു ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കേണ്ടിയിരുന്നതെന്ന് കമൽ പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മ (ഡബ്ല്യുസിസി) ഉയര്‍ത്തുന്ന നിലപാടുകളെ താൻ പിന്തുണയ്ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് കമലിന്റെ പ്രതികരണം.

തമിഴ്നാട്ടിലാണ് ഞാൻ ജനിച്ചത്. അതിനാൽ തമിഴ്നാടിനുവേണ്ടി എന്തെങ്കിലും ചെയ്യണം. അതിന്റെ പ്രതിഫലനം അയൽ സംസ്ഥാനങ്ങളിലും രാജ്യത്ത് മുഴുവനും ഉണ്ടാകുമെന്നും കമൽ പറഞ്ഞു. അഭിനയിക്കാൻ അറിയാത്തതുകൊണ്ടാണ് പിണറായി വിജയനെ തനിക്ക് ഇഷ്ടമെന്നും മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസുമായുള്ള ആശയസംവാദത്തിനിടെ കമൽ പറഞ്ഞു. പിണറായിയുമായുളള അടുപ്പം കാണുമ്പോൾ പലരും ചോദിക്കാറുണ്ട്, നിങ്ങൾ ലെഫ്റ്റാണല്ലേയെന്ന്? താൻ ഇടതോ വലതോ അല്ലെന്നും നടുവിലാണെന്നും കമൽ പറഞ്ഞു.

ജനങ്ങൾക്ക് ആവശ്യമുണ്ടെന്നു തോന്നിയതിനാലാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. എനിക്ക് 63 വയസ്സായി. എന്റെ പക്കലുളള സമയം കുറവാണ്. എന്നെ സഹായിച്ചാൽ ഞാൻ നിങ്ങളേ സേവിക്കും. അതാണ് ജനങ്ങളോട് തനിക്ക് പറയാനുളളതെന്ന് കമൽ പറഞ്ഞു. രാഷ്ട്രീയത്തിലായാലും സിനിമയിലായാലും ജനങ്ങൾക്കാണ് പ്രധാനം. ഒരു സ്റ്റാർ എന്നത് വളരെ ചുരുങ്ങിയ കാലത്തേക്കുളളതാണ്. ഒരു പരിപാടിക്ക് ചീഫ് ഗസ്റ്റ് ആയി എത്തുന്നതുപോലെയാണത്. പരിപാടി കഴിഞ്ഞാൽ പിന്നെ നിങ്ങൾ ചീഫ് അല്ല. അതുപോലെ തന്നെയാണ് സ്റ്റാർ പദവിയുമെന്ന് കമൽ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.