റിയാദ്: ഔദ്യോഗിക ജീവിതാനുഭവങ്ങള്‍ തുറന്ന് എഴുതി തന്റെ പുസ്തകം ഉടന്‍ പുറത്തിറങ്ങുമെന്ന് ജസ്റ്റിസ് ബി. കമാല്‍ പാഷ. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സൗദി അറേബ്യയിലെത്തിയ അദ്ദേഹം ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

”പറയാന്‍ ബാക്കി വെച്ച അപ്രിയ സത്യങ്ങളെല്ലാം പുസ്തകത്തിലെഴുതും.’ഐ ആം ബോള്‍ഡ് നോട്ട് കോണ്‍ട്രോവേഴ്‌സല്‍’ എന്ന പേരിലാകും പുസ്തകം. ഇറങ്ങി കഴിഞ്ഞാലുള്ള വരും വരായികളെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഔദ്യോഗിക ജീവിതത്തിലെ ഓരോ ഇടങ്ങളിലും നിര്‍ഭയത്വത്തോടെയാണ് ഇടപെട്ടത്. തുടര്‍ന്നും അക്കാര്യത്തില്‍ കോംപ്രമൈസില്ല” കമാല്‍ പാഷ പറഞ്ഞു.

സിബിഐ ഉള്‍പ്പടെയുള്ള സംവിധാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടോ എന്ന് എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷണ ഏജന്‍സികളില്‍ മുമ്പും ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അത് മറയില്ലാതെ നടക്കുന്നു. റാഫേല്‍ അഴിമതി അന്വേഷണം ആരംഭിച്ച ഉടനെ സിബിഐ തലപ്പത്തുണ്ടായ മാറ്റങ്ങളും,റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെച്ചതുമെല്ലാം അത്ര നല്ല സൂചനകളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഴിമതിക്കാര്‍ക്കും അന്വേഷണ ഏജന്‍സികളില്‍ ഇടപെട്ട് അന്വേഷണം വഴി തിരിച്ചു വിടുന്നവര്‍ക്കുമെല്ലാം അവരുടെ പാര്‍ട്ടിയില്‍ ഹീറോ പരിവേഷമാണ് കിട്ടി കൊണ്ടിരിക്കുന്നത്. കോടതിയിലുണ്ടായ പല സംഭവങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ഇത് വരെ പറയാത്ത അത്ര സുഖകരമല്ലാത്ത പല സംഭവങ്ങളും പുസ്തകത്തില്‍ വായനക്കാര്‍ക്കായി പങ്ക് വെക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘നിയമ ഇടപെടലുകളും സാമൂഹ്യക വ്യതിയാനങ്ങളും’ എന്ന വിഷയത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് അദ്ദേഹം റിയാദിലെത്തിയത്.

വാര്‍ത്ത : നൗഫല്‍ പാലക്കാടന്‍

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ