കൊച്ചി: ജഡ്ജി നിയമനങ്ങള്‍ അടക്കം ജുഡീഷ്യറിയിലെ തെറ്റായ പ്രവണതകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജസ്റ്റിസ് കെമാല്‍ പാഷ. കേരളാ ഹൈക്കോടതിയില്‍ നല്‍കിയ യാത്രയയപ്പിന് മറുപടി നല്‍കുകയായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ.

ജഡ്ജി നിയമനം കുടുംബകാര്യമല്ല എന്ന് പറഞ്ഞ പാഷ മതത്തിന്റെയും ജാതിയുടെയും ഉപജാതിയുടെയും അടിസ്ഥാനത്തില്‍ വരെ ജഡ്ജി നിയമനങ്ങള്‍ വിഭജിക്കപ്പെടുന്നതായി വിമര്‍ശിച്ചു. ജഡ്ജി സ്ഥാനം ഏതെങ്കിലും ജാതിക്കോ മതത്തിനോ പതിച്ചുനല്‍കേണ്ടതല്ല എന്ന് പറഞ്ഞ അദ്ദേഹം വിരമിക്കലിന് ശേഷം സര്‍ക്കാര്‍ പദവികള്‍ ഏറ്റെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നും കൂട്ടിച്ചേര്‍ത്തു. അങ്ങനെ ചെയ്യുകയാണ് എങ്കില്‍ ജുഡീഷ്യറിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനാകും.

ഹൈക്കോടതിയുടെ മഹത്വം ഇല്ലാതാക്കുന്ന സംഭവങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ ജസ്റ്റിസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശരിയാണ് എങ്കില്‍ ഇപ്പോള്‍ ജഡ്ജി സ്ഥാനത്തേക്ക് പരിഗണിക്കുന്ന പല പേരുകളും ജുഡീഷ്യറിക്ക് ചേര്‍ന്നതല്ല എന്നും പറഞ്ഞു.

ജഡ്ജി എന്ന നിലയില്‍ ഭയമില്ലാതെയും പക്ഷഭേദമില്ലാതെയും പൂര്‍ണമായും നീതിയുടെ ഭാഗത്ത് നിന്നുകൊണ്ടുമാണ് താന്‍ പ്രവര്‍ത്തിച്ചത് എന്ന ഉത്തമബോധ്യം ഉണ്ട് എന്ന് പറഞ്ഞ അദ്ദേഹം രാജാവ് നഗ്നനാണ് എങ്കില്‍ അത് ഉച്ചത്തില്‍ തന്നെ വിളിച്ച് പറയാന്‍ ആരെങ്കിലും വേണം എന്ന് പറഞ്ഞാണ് വിരമിക്കല്‍ പ്രസംഗം അവസാനിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ