കോഴിക്കോട്: രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചന നൽകി തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ സിപിഎമ്മിന്റെ ശിൽപശാലയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. കോഴിക്കോട് ടാഗോർ ഹാളിൽ ശനിയാഴ്ച നടക്കുന്ന ദേശീയ ശിൽപ്പശാലയിലാണ് കമൽഹാസൻ പങ്കെടുക്കുന്നത്.

കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രമാണ് വർഗീയ ഫാസിസത്തിനെതിരെ ദേശീയ ശിൽപ്പശാല സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം, മന്ത്രി കെ.ടി.ജലീൽ എന്നിവർക്ക് പുറമേ ഇടത് സഹായത്രികരായവരുമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നേതാക്കളാരും പരിപാടിയിൽ പങ്കെടുക്കുന്നില്ല.

സിപിഎം പോഷക സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ, കന്നഡ എഴുത്തുകാരിയും ചലചിത്ര പ്രവർത്തകയുമായ ചേതന തീർത്തഹള്ളി, എഴുത്തുകാരി ഖദീജ മുംതാസ്, ദേശാഭിമാനി മാനേജിങ് ഡയറക്ടർ കെ.ജെ.തോമസ്, മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് ഫസൽ ഗഫൂർ, ഫാ.മാത്യൂസ് വാഴക്കുന്നം, ഡോ.ഹുസൈൻ രണ്ടത്താണി എന്നിവരാണ് ശിൽപ്പശാലയിൽ പങ്കെടുക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ശിൽപ്പശാല. ഇതാദ്യമായാണ് സിപിമ്മിന്റെ പൊതുപരിപാടിയിൽ കമൽഹാസൻ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ