തിരുവനന്തപുരം: ഉലകനായകൻ കമൽഹാസൻ തിരുവനന്തപുരത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഓണം ആഘോഷിക്കുവാനും അദ്ദേഹത്തിന്റെ വീട്ടിൽ ഓണസദ്യ ഉണ്ണുവാനുമാണ് എത്തിയതെന്ന് കമൽഹാസൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഓണത്തിന് കേരളത്തിൽ വരണമെന്ന് ആഗ്രഹിച്ചിരുന്നു. അന്ന് ചെറിയൊരു അപകടം ഉണ്ടായതുമൂലം വരാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വരവിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും കമൽഹാസൻ സൂചന നൽകി. തമിഴ്നാട്ടിന്റെ രാഷ്ട്രീയ മാറ്റത്തിന് പ്രയോജനകരമായ കാര്യങ്ങൾ എന്തെങ്കിലും ഇവിടെ നിന്നും പഠിക്കാൻ സാധിക്കുമോയെന്നറിയാനുള്ള ഒരു യാത്രയായി ഈ വരവിനെ കാണാമെന്ന് കമൽഹാസൻ പറഞ്ഞു.

(കടപ്പാട്: മാതൃഭൂമി)

തിരുവനന്തപുരത്ത് എത്തിയ കമൽഹാസൻ മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ എത്തി സന്ദർശിച്ചിരുന്നു. ഇരുവരും തമ്മിൽ ഏറെ നേരം ചർച്ചയും നടത്തി. ഇരുവരുടേതും രാഷ്ട്രീയ കൂടിക്കാഴ്ച തന്നെയെന്നാണ് വിവരം. എന്നാൽ സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിരിക്കുന്നത്.

kamal hassan

തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയതായി കമൽഹാസൻ ഇന്നലെ പറഞ്ഞിരുന്നു. കോയമ്പത്തൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം. ഇതൊരു വിവാഹച്ചടങ്ങല്ല, മറിച്ച് രാഷ്ട്രീയത്തിലേക്കുള്ള തന്റെ യാത്രയുടെ ഉദ്ഘാടനച്ചടങ്ങാണെന്ന് കമൽഹാസൻ പറഞ്ഞു. കുറച്ചുകാലമായി ട്വിറ്ററിലൂടെ കമല്‍ഹാസന്‍ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയത്തിലിറങ്ങുന്ന കാര്യം നേരിട്ട് പറയുന്നത് ഇതാദ്യമായാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ