scorecardresearch

കമല്‍ അപമാനിച്ചുവെന്ന് മന്ത്രിയോട് ‘അമ്മ’യിലെ മുതിര്‍ന്ന താരങ്ങള്‍

കമല്‍ അഭിപ്രായപ്രകടനത്തില്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു.

കമല്‍ അപമാനിച്ചുവെന്ന് മന്ത്രിയോട് ‘അമ്മ’യിലെ മുതിര്‍ന്ന താരങ്ങള്‍

കൊച്ചി: ‘അമ്മ’യിലെ ഭൂരിപക്ഷം താരങ്ങളും സംഘടനയുടെ ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണെന്ന സംവിധായകന്‍ കമലിന്റെ പ്രസ്‌താവന തങ്ങളെ വേദനിപ്പിച്ചുവെന്ന് അമ്മയിലെ മുതിര്‍ന്ന താരങ്ങളായ കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, മധു, ജനാര്‍ദ്ദനന്‍ എന്നിവര്‍. ഇതു ചൂണ്ടിക്കാണിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് ഇവര്‍ കത്തയച്ചു.

‘ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങള്‍ക്ക് മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്‌നേഹ സ്‌പർശമാണ്. തുകയുടെ വലിപ്പത്തേക്കാള്‍, അത് നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണ് ഞങ്ങള്‍ക്ക് കരുത്താവുന്നത്, തണലാവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു,’എന്ന് കത്തില്‍ പറയുന്നു.

ആവിഷ്‌കാരത്തിലും തൊഴിലിടത്തിലും മലയാള സിനിമ സ്ത്രീവിരുദ്ധമാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ‘മഹാന്‍മാരെന്നു നമ്മള്‍ കരുതുന്ന ചലച്ചിത്രകാരന്‍മാരും എഴുത്തുകാരും നടന്‍മാരുമെല്ലാം ഇതിന് ഉത്തരവാദികളാണ്. ഒറ്റപ്പെടലും തൊഴിലും പരിഗണിക്കാതെ നാലു പെണ്‍കുട്ടികള്‍ ഇതിനെതിരെ മുന്നോട്ടുവന്നതു ചരിത്രമാണ്. താരസംഘടനയിലെ നിര്‍ഗുണന്‍മാരോട് എന്തു പറഞ്ഞിട്ടും കാര്യമില്ലാത്തതുകൊണ്ടാണു മിണ്ടാതിരിക്കുന്നത്. 35 വര്‍ഷത്തെ അനുഭവംകൊണ്ടു തിരിച്ചറിഞ്ഞതാണിത്. 500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും അതില്‍ ജനാധിപത്യം ഉണ്ടാവില്ല’. കമല്‍ പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

ഈ പരാമര്‍ശത്തിനെതിരെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു. കമല്‍ അഭിപ്രായപ്രകടനത്തില്‍ കുറച്ചുകൂടി മാന്യത കാണിക്കണമായിരുന്നുവെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മുതിര്‍ന്ന താരങ്ങള്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് കത്തയച്ചത്.

കത്തിന്റെ പൂർണരൂപം:

ബഹുമാനപെട്ട കലാ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ എ കെ ബാലൻ അവർകളുടെ ശ്രദ്ധയിലേക്കായി മലയാള സിനിമാ പ്രവർത്തകരായ മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത എന്നിവർ ബോധിപ്പിക്കുന്നത്.

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ ശ്രീ.കമൽ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിർന്ന അംഗങ്ങളെ കുറിച്ച്‌ നടത്തിയ പ്രസ്താവന ഞെട്ടലോടെയാണ്‌ ഞങ്ങൾ വായിച്ചത്‌. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നിൽക്കുന്നവരാണെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദശാബ്ദങ്ങളായി മലയാള സിനിമയിൽ അഭിനേതാക്കളായി പ്രവർത്തിക്കുന്നവരാണ്‌ ഞങ്ങൾ. എത്രയോ കഥാപാത്രങ്ങളെ തിരശീലയിൽ അവതരിപ്പിച്ചു. ആ വേഷപകർച്ചകളിലൂടെ കേരളത്തിന്റെ സാംസ്ക്കാരിക ജീവിതത്തിൽ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയിൽ എഴുതപ്പെട്ടിട്ടുണ്ട്‌. ആ നിലയിൽ തന്നെയാണ്‌ കേരളത്തിലെ ജനങ്ങൾ ഞങ്ങളെ കാണുന്നതും സ്നേഹിക്കുന്നതും. ഞങ്ങളുടെ സംഘടനയായ അമ്മ ഞങ്ങൾക്ക്‌ മാസം തോറും നൽകുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങൾ കാണുന്നത്‌. അത്‌ ഒരു സ്നേഹസ്പർശ്ശമാണ്‌. തുകയുടെ വലിപ്പത്തേക്കാൾ, അത്‌ നൽകുന്നതിൽ നിറയുന്ന സ്നേഹവും കരുതലുമാണ്‌ ഞങ്ങൾക്ക് കരുത്താവുന്നത്‌, തണലാവുന്നത്‌. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാൻ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ. അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാൾ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത്‌ ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവർത്തകർക്ക്‌ ചികിത്സാ-മരണാനന്തര സഹായങ്ങളും പെൻഷനും അക്കാദമി നൽകുന്നുണ്ട്‌. ഇതെല്ലാം താൻ നൽകുന്ന ഔദാര്യമായും അത്‌ വാങ്ങുന്നവരെ തനിക്ക്‌ മുമ്പിൽ കൈനീട്ടി നിൽക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമൽ കാണുന്നത്‌. കമിലിനോട്‌ തെറ്റ്‌ തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങൾ പറയുന്നില്ല. കാരണം 35 വർഷത്തെ സിനിമാനുഭവം ഉണ്ടെന്ന് പറയുന്ന അദ്ദേഹത്തെ ഞങ്ങൾക്കും അറിയാം, വ്യക്തമായി.

അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങൾക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചൂ എന്ന് മാത്രമേ ഉളളൂ, ഇതേ തുടർന്ന് എന്തെങ്കിലും നടപടികൾ സ്വീകരിക്കേണ്ടത് താങ്കൾ ആണല്ലോ

സ്നേഹപൂർവ്വം

മധു, ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കെ പി എ സി ലളിത

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kamal amma kpac lalitha janardhanan kaviyoor ponnamma madhu