ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വിവാദമായ പരസ്യ ചിത്രം കല്യാൺ ജുവല്ലറി പിൻവലിച്ചതായി സ്ഥാപനം അറിയിച്ചു. കല്യാൺ ജ്വല്ലേഴ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
ബാങ്ക് ജീവനക്കാർക്ക് ഉണ്ടായ വേദനയിൽ ഖേദം പ്രകടിപ്പിച്ച ജുവല്ലറി മാനേജ്മെന്റ് ബോധപൂർവ്വം വേദനിപ്പിക്കുന്നതിനായി ചെയ്തതല്ലെന്നും അങ്ങനെ വിഷമമുണ്ടാക്കിയ പരസ്യം എല്ലാ മാധ്യമങ്ങളിൽ നിന്നും ഉടനടി പിൻവലിക്കുകയാണെന്നും അറിയിച്ചു.
കല്യാൺ ജുവല്ലറിയുടെ ട്രസ്റ്റ് ക്യാംപെയിന്റെ അഞ്ചാം എഡിഷനായി ചിത്രികരിച്ച പരസ്യം ഈ മാസം ആദ്യമാണ് റിലീസ് ചെയ്തത്.
ഈ പരസ്യം ബാങ്കിങ് രംഗത്തുളളവരടക്കമുളള ചിലരുടെ വികാരത്തെ മുറിവേൽപ്പിച്ചു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മുറിവേൽപ്പിക്കുന്ന തരത്തിലെന്തെങ്കിലും അതിലുണ്ടെങ്കിൽ അത് ബോധപൂർവ്വമായിരുന്നില്ല. ക്രിയേറ്റീവായ പരസ്യം ഒരു ഫിക്ഷൻ മാത്രമാണ് അതൊരിക്കലും ബാങ്ക് ജീവനക്കാരെ പ്രതിഫലിപ്പിക്കുന്നതല്ല.
Read More: താരങ്ങൾ അഭിനയിച്ച പരസ്യം വിവാദത്തിൽ
ഇന്ത്യയിലെ ജനകോടികൾക്കൊപ്പം ബാങ്കിങ്ങ് സമൂഹം രാജ്യത്തിന് നൽകിയ വിലപ്പെട്ട സംഭവാനകളെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്നും രമേഷ് കല്യാണ രാമൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അമിതാഭ് ബച്ചന്‍, മകള്‍ ശ്വേത, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച ഏറ്റവും പുതിയ പരസ്യമാണ് വിവാദത്തില്‍ പെട്ടത്. ബച്ചനും മകള്‍ ശ്വേതയും അച്ഛനും മകളുമായി അഭിനയിച്ച പരസ്യം, ഒരു ബാങ്കിന്റെ പശ്ചാത്തലത്തില്‍ ഉള്ളതാണ്. പ്രായമായ അച്ഛനൊപ്പം ബാങ്കില്‍ എത്തുന്ന മകള്‍ ബാങ്ക് ജീവനക്കാരോട് അച്ഛന്റെ പെന്‍ഷനുമായി ബന്ധപ്പെട്ട ഒരു കാര്യം പറയാന്‍ തുടങ്ങുമ്പോള്‍ അവര്‍ പറയുന്നത് കേള്‍ക്കാന്‍ കൂട്ടാക്കാതെ മാനേജറുടെ അടുത്തേക്ക് പറഞ്ഞു വിടുന്നു. ഒടുവില്‍ മാനേജറുടെ അടുത്തെത്തുമ്പോള്‍ അറിയുന്നു, അച്ഛന്റെ പെന്‍ഷന്‍ മുടങ്ങിയതല്ല, മറിച്ച് രണ്ടു തവണ ക്രെഡിറ്റ് ആയതാണ് വിഷയം എന്ന്. ‘അത് നിങ്ങള്‍ തന്നെ കൈവശം വച്ചോളൂ, ആരും അറിയില്ലല്ലോ’ എന്ന് മാനേജര്‍ പറയുമ്പോള്‍ ‘അത് തെറ്റാണ് താന്‍ അത് ചെയ്യില്ല’ എന്ന് അച്ഛന്‍ പറയുന്നു.
ഇതിനെതിരെയാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ രംഗത്ത് വന്നത്. ബാങ്ക് ജീവനക്കാരെ മോശമായി ചിത്രീകരിക്കുന്നവെന്നായിരുന്നു അവരുടെ പരാതി.
ഈ പരസ്യത്തിന്റെ മലയാളം പതിപ്പില്‍ അമിതാഭ് ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്. ഇതിന്റെ മറ്റു ഭാഷാ പതിപ്പുകളില്‍ നാഗാര്‍ജുന അക്കിനേനി, പ്രഭു എന്നിവരും വേഷമിട്ടിട്ടുണ്ട്.