തൃശൂര്‍: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി. ഒരു വര്‍ഷത്തേക്കാണ് പെര്‍മിറ്റ് റദ്ദാക്കിയിരിക്കുന്നത്. തൃശൂര്‍ ആര്‍ടിഎ സമിതിയുടേതാണ് തീരുമാനം. പതിനേഴ് പരാതികള്‍ കല്ലട ബസിനെതിരെ നേരത്തെ ഉണ്ടായിരുന്നതായി സമിതി കണ്ടെത്തി. കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്തതില്‍ നേരത്തെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ബസിലെ യാത്രക്കാരെ ജീവനക്കാര്‍ തന്നെയാണ് മര്‍ദിച്ചത്.
Read Also: കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി
മരടില്‍ കല്ലട ബസിലെ യാത്രക്കാരെ ആക്രമിച്ച സംഭവം കഴിഞ്ഞിട്ട് രണ്ട് മാസമായി. എന്നിട്ടും കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാത്തത് എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്തർ സംസ്ഥാന റൂട്ടുകളിൽ പല സ്വകാര്യ ബസുകളും ചട്ടവിരുദ്ധമായാണ് സർവീസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല; പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ്
എറണാകുളം വൈറ്റിലയിൽനിന്നുള്ള യാത്രക്കാരായ ബത്തേരി സ്വദേശി സചിൻ (22), സുഹൃത്ത് അഷ്കർ (22), തൃശൂർ സ്വദേശി അജയ്ഘോഷ് എന്നിവരെ ബസ് ജീവനക്കാർ കൂട്ടമായി മർദിച്ചത്. ഇതേ തുടർന്ന് കല്ലട ബസിലെ ജീവനക്കാരാണ് അറസ്റ്റിലായത്.
Read Also: ഇനി ‘കല്ലട’യല്ല; വിവാദ ബസിന് പുതിയ പേര് നല്‍കി യൂത്ത് കോണ്‍ഗ്രസ്, വീഡിയോ
കോഴിക്കോട്ടെ കല്ലട ഓഫീസ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം താഴിട്ട് പൂട്ടിയിരുന്നു. കല്ലട ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ഇനി അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ പറഞ്ഞു. പാളയത്തെ കല്ലടയുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി പി.നിഖില്‍, പ്രസിഡന്റ് വി.വസീഫ് എന്നിവരാണ് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്. കല്ലട ബസില്‍ വച്ച് യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്.
യാത്രക്കാരിക്കു നേരെ പീഡന ശ്രമമുണ്ടായെന്നാണ് ആരോപണം. സംഭവത്തിൽ ബസിലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ ജോസഫാണ് പ്രതി. കണ്ണൂരിൽ നിന്നും കൊല്ലത്തേക്കു പോകുന്ന ബസിലാണ് തമിഴ് യുവതിക്കു നേരെ പീഡന ശ്രമം നടന്നത്. സംഭവത്തെ തുടര്‍ന്ന് ബസ് തേഞ്ഞിപ്പാലം പൊലീസ് പിടിച്ചെടുത്തു. യാത്രക്കാരിയുടെ പരാതിയില്‍ ഡ്രൈവര്‍ ജോണ്‍സന്‍ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ബസിലെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം. രണ്ടു യുവാക്കളെ കല്ലട ബസ് ജീവനക്കാർ കൂട്ടമായി മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിലൂടെയാണ് ആദ്യം പുറത്തുവന്നത്. വാർത്തയായതോടെ പൊലീസ് നടപടിയുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് എട്ടോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.