കൊച്ചി: കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച ബസ് ജീവനക്കാരെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. വൈറ്റിലയിലെ കല്ലടയുടെ ഓഫീസില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. കേസില്‍ റിമാൻഡിലായ ഏഴ് പ്രതികളെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നാല് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്.

ബെംഗളൂരുവിലേക്ക് പോവുന്നതിനിടെ കല്ലട ബസിലെ യാത്രക്കാരെ ക്രൂരമായി മർദിക്കുകയും പണം അപഹരിക്കുകയും ചെയ്തെന്നാണ് കേസ്. ബസിന്‍റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ് മുന്നോട്ട് പോവുകയാണ്. നേരിട്ട് ഹാജരാവാനും വിശദീകരണം നൽകാനുമാവശ്യപ്പെട്ട് ബസുടമക്കും ഡ്രൈവർമാർക്കുമെതിരെ എറണാകുളം ആർടിഒ നോട്ടീസയച്ചു.

ഉടമ കല്ലട സുരേഷ്, കേസിലെ പ്രതികളും ബസ് ഡ്രൈവർമാരുമായ തമിഴ്നാട് കോയമ്പത്തൂർ നാച്ചിപാളയം സ്വദേശി കുമാർ, പോണ്ടിച്ചേരി സ്വദേശി അൻവർ എന്നിവർക്കാണ് നോട്ടീസ്. അഞ്ചു ദിവസത്തിനകം ഹാജരാവണമെന്നും പെർമിറ്റ് റദ്ദാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നുമാണ് സുരേഷിനോട് ആവശ്യപ്പെട്ടത്.

Read: സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയേക്കും

വെള്ളിയാഴ്ച വൈകീട്ടാണ് നോട്ടീസയച്ചത്. രണ്ട് ഡ്രൈവർമാരും നിലവിൽ റിമാൻഡിലാണ്. ഏഴ് പ്രതികളെയാണ് ഇതുവരെയായി കേസിൽ പിടികൂടിയിട്ടുള്ളത്. ഉടമയും ഡ്രൈവർമാരും ഹാജരായി വിശദീകരണം നൽകിയ ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് എറണാകുളം ആർടിഒ ജോജി പി.ജോസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.