ബംഗളൂരു: യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ കല്ലട ട്രാവല്‍സ് വീണ്ടും വിവാദത്തില്‍. 23 കാരിയായ മലയാളി യുവതിയെ പെരുവഴിയിലാക്കിയാണ് ഇത്തവണ കല്ലട ട്രാവല്‍സ് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. ഇംഗ്ലീഷ് ഓണ്‍ലൈന്‍ വാര്‍ത്താ വെബ്‌സൈറ്റായ ന്യൂസ് മിനിറ്റാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രാത്രി ഭക്ഷണത്തിനായി ബസ് നിര്‍ത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം. ഹൈവേയിലൂടെ ബസിന് പിന്നാലെ പെണ്‍കുട്ടി ഓടിയെന്നും വാര്‍ത്തയില്‍ പറയുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. യുവതി തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം. തിരുവനന്തപുരത്തെ കഴക്കൂട്ടത്തു നിന്നാണ് ഞായറാഴ്ച വൈകീട്ട് 6.45 ന് ബസ് കയറിയതെന്ന് യുവതി പറയുന്നു. രാത്രി 10.30 ഓടെ ബസ് അത്താഴം കഴിക്കുന്നതിനായി നിര്‍ത്തി. തിരുനല്‍വേലിയിലാണ് ബസ് നിര്‍ത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍, ബസ് നിര്‍ത്തി പത്തോ പതിനഞ്ചോ മിനിറ്റുകള്‍ക്കകം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തു. അപ്പോള്‍ താൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ബസ് സ്റ്റാര്‍ട്ട് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.

Read More: ബസിൽ നിന്ന് ഇറങ്ങിയപ്പോൾ ഒരു യാത്രക്കാരൻ തലയ്ക്ക് അടിയേറ്റ് കിടക്കുന്നത് കണ്ടു: കല്ലട ബസിൽ മർദ്ദനത്തിന് ഇരയായ വിദ്യാർഥികൾ പറയുന്നു

ബസ് സ്റ്റാര്‍ട്ട് ചെയ്തതായി കണ്ടതും ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ബസില്‍ കയറാന്‍ ശ്രമം നടത്തി. ബസിനരികിലേക്ക് ഓടിയതായി യുവതി പറയുന്നു. താന്‍ ഓടുന്നത് കണ്ട് ചുറ്റിലുമുള്ളവര്‍ ഓളിയിടാനും കാറുകളിലുള്ളവര്‍ ഹോണ്‍ അടിക്കാനും തുടങ്ങി. ഇതൊന്നും കേള്‍ക്കാതെ ബസ് മുന്നോട്ട് പോകുകയായിരുന്നു. ചിലര്‍ തനിക്ക് ലിഫ്റ്റ് നല്‍കാന്‍ മുന്നോട്ട് വന്നു. ഒടുവില്‍, മറ്റൊരു വാഹനം ബസിന് കുറുകെ നിര്‍ത്തിയാണ് യുവതിക്ക് തുടര്‍ യാത്രക്കുള്ള സൗകര്യം ഒരുക്കിയത്. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെണ്‍കുട്ടി ബസില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More: സുരേഷ് കല്ലട ബസിന്റെ പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കിയേക്കും

പിന്നിലേക്ക് മടങ്ങി വരാൻ ബസ് ഡ്രെെവർ തയ്യാറായില്ലെന്നും സംഭവിച്ച കാര്യത്തിൽ ഒരിക്കൽ പോലും ജീവനക്കാർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞതായി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഒരു പെൺകുട്ടിയെ രാത്രി തനിച്ചാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തന്നോട് അവർ ക്ഷോഭിച്ച് സംസാരിച്ചതായി യുവതി പറയുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആരോട് നിങ്ങൾ സംസാരിക്കുന്നതെന്ന് ഓർമയുണ്ടോ, ഇത് കല്ലട ട്രാവൽസാണ്, ആരാണ് കല്ലട എന്നറിയുമോ തുടങ്ങിയ ചോദ്യങ്ങൾ തന്നോട് തിരിച്ച് ചോദിച്ചതായും യുവതി പറഞ്ഞെന്ന് ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിലുണ്ട്.

ബസ് യാത്രക്കിടെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.