തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികൾ അറസ്റ്റിലായി. കർണാടകത്തിലെ ഉഡുപ്പിയിൽനിന്നാണ് തൗഫീക്ക്, അബ്ദുൾ ഷമീം എന്നിവർ അറസ്റ്റിലായത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കേരള-തമിഴ്നാട് പൊലീസിന്റെ സംയുക്ത സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

തമിഴ്നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്‌ലിം പളളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലി‍ൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്.

Read Also: നാണംകുണുങ്ങിയില്‍നിന്നു തീപ്പൊരിയിലേക്ക്; ഐഷി പോരാട്ടം തുടരുമെന്ന് മാതാപിതാക്കള്‍

സംഭവത്തിനുമുമ്പു പ്രതികള്‍ പളളിയുടെ ഗേറ്റിനുമുന്നിലെത്തി പരിസരം നിരീക്ഷിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പളളിയിൽ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷമാണ് ഇവര്‍ വെടിവച്ചത്. സംഭവത്തിനുശേഷം പളളിക്കു പുറത്തെത്തിയ ഇവര്‍ വളരെ സാവധാനം നടന്നുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പ്രതികൾ ഉപയോഗിച്ച തോക്ക് മുംബൈയിൽ നിന്നു കൊണ്ടുവന്നതാണെന്നു തമിഴ്നാട് ക്യൂ ബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു. ബെംഗളുരുവിൽ നിന്നു പിടികൂടിയ ഇജാസ് ബാഷയെ ചോദ്യം ചെയ്തപ്പോഴാണു നിർണായക വിവരം ലഭിച്ചത്. രാജ്യവ്യാപകമായി സ്ഫോടനത്തിനു പദ്ധതിയിട്ട തീവ്രവാദി സംഘത്തെ ബെംഗളൂരുവിൽ പിടികൂടിയതിന് എവിടെയെങ്കിലും തിരിച്ചടി നൽകുക എന്ന ഉദ്ദേശ്യത്തോടെയെന്ന് പ്രതികൾ കൃത്യം നടത്തിയതെന്നാണു പൊലീസ് നിഗമനം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.