തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിൽ 18 പേർ കൂടി കസ്റ്റഡിയിൽ. ഇന്നലെയാണ് രണ്ട് തിരുനെൽവേലി സ്വദേശികളുൾപ്പടെ എസ്എസ്‌ഐ വില്‍സണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കളിയാക്കവിളയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യപ്രതികളായ തൗഫീക്ക്, അബ്ദുൾ ഷമീം എന്നിവരുമായി കസ്റ്റഡിയിലുള്ളവർക്ക് ബന്ധമുണ്ടെന്നാണ് സൂചന.

ചൊവ്വാഴ്ച കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമിനെയും അറസ്റ്റ് ചെയ്തിരുന്നു. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് പ്രതികളെ പിടികൂടിയത്. കേരള-തമിഴ്നാട് പൊലീസിന്റെ സംയുക്ത സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്.

Also Read: പ്ലാസ്റ്റിക് നിരോധനം: ശിക്ഷാ നടപടികള്‍ ഇന്ന് മുതല്‍, ആദ്യ നിയമലംഘനത്തിന് 10,000 രൂപ പിഴ

ഇവരെ ഉഡുപ്പിയിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിരോധിത സംഘടനയായ അൽ ഉമ്മയുടെ പുതിയ രൂപമായ തമിഴ്നാട് നാഷ്ണല്‍ ലീഗിന് കേസുമായി ബന്ധമുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രതികളെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ തീവ്രവാദപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിൽ 17 പേരാണുള്ളതെന്നും ഇതിൽ മൂന്ന് പേർക്കാണ് ചാവേർ പരിശീലനം കിട്ടിയതെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.

തമിഴ്നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്‌ലിം പളളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലി‍ൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.