തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസിൽ മുഖ്യപ്രതികളായ തൗഫീക്കിനെയും മുഹമ്മദ് ഷെമീമിനെയും തമിഴ്നാട് പൊലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് നൽകിയ അപേക്ഷ കുഴിത്തറ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയിൽ ലഭിക്കുന്ന പ്രതികളെ കളിയിക്കാവിള ചെക്പോസ്റ്റിൽ തെളിവെടുപ്പിന് എത്തിക്കും.

കുറ്റം സമ്മതിച്ചെങ്കിലും ഗൂഢാലോചനയെക്കുറിച്ചോ മറ്റ് സഹായികളെക്കുറിച്ചോ ഇതുവരെ പ്രതികൾ വിവരം നൽകിയിട്ടില്ല. കൊലപാതകത്തിനുപയോഗിച്ച തോക്കും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിൽ തെളിവെടുപ്പ് നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തമിഴ്നാട് ക്യൂ ബ്രാഞ്ചാകും പ്രതികളെ ചോദ്യം ചെയ്യുക.

കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമെന്നാണ് പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അതേസമയം കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷയെയും പൊലീസ് അറസ്റ്റ് ചെയ്‍തിരുന്നു. കളിയിക്കാവിള പ്രതികൾ ഉൾപ്പെട്ട അൽ ഉമ്മയുടെ പതിനേഴംഗ സംഘത്തെ നയിച്ചത് മെഹബൂബ് പാഷയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

തമിഴ്നാട്-കേരള അതിർത്തിയായ കളിയിക്കാവിള മുസ്‌ലിം പളളിക്കു സമീപത്തെ ചെക്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ വിൽസണെ (57) വെടിവച്ചും വെട്ടിയുമാണ് കൊലപ്പെടുത്തിയത്. എഎസ്ഐയെ വെടിവച്ച ശേഷം പുറത്തേക്ക് വലിച്ചിഴച്ച് അക്രമികൾ കാലി‍ൽ വെട്ടിയെന്നാണു സാക്ഷിമൊഴി. വെടിവച്ചശേഷം പള്ളിയുടെ വളപ്പിനുള്ളിൽ കടന്ന് മറുവശത്തുകൂടിയാണ് പ്രതികൾ രക്ഷപ്പെട്ടത്.

ജനുവരി 14നാണ് കേസിലെ മുഖ്യപ്രതികളായ തൗഫീക്കിനെയും അബ്ദുൾ ഷമീമിനെയും അറസ്റ്റ് ചെയ്തത്. കർണാടകയിലെ ഉഡുപ്പിയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്. ഇതിന് പിന്നാലെ ഇവരുുമായി ബന്ധമുള്ള 18 പേരെയും കസ്റ്റഡിയിലെടുത്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.