കൊച്ചി: കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ കെട്ടിട നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് അതിഥിത്തൊഴിലാളികൾ മരിച്ചു. രണ്ടു പേരെ പരുക്കുകളോടെ ആശുപത്രിയിലേക്കു മാറ്റി. മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.
പശ്ചിമ ബംഗാൾ സ്വദേശികളായ ഏഴു പേരാണ് അകപടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.
ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്‍നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്‍ക്കു മേലെ വീഴുകയായിരുന്നു.

അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് മൂന്നാമത്തെയാളെയും പുറത്തെത്തിച്ചു. അഗ്നിരക്ഷാ സേനയും രക്ഷാപ്രവർത്തരും ചേർന്നാണ് ഇവരെ പുറത്തെത്തിച്ചത്. ഗുരുതര പരുക്കുകളോടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നത്. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. നിർമാണ പ്രവർത്തനങ്ങൾ . സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ നടത്തുന്നതെന്നത് പരിശോധിക്കുമെന്ന് സംഭവസ്ഥലത്തെത്തിയ ജില്ലാ കലക്ടർ ജാഫർ മാലിക്ക് അറിയിച്ചു.