scorecardresearch

കളമശേരി ബസ് കത്തിക്കല്‍: തടിയന്റവിട നസീര്‍ ഉള്‍പ്പെടെ 3 പേര്‍ കുറ്റക്കാര്‍

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിയെടുത്തു കത്തിച്ചുവെന്ന കേസിൽ പ്രതികളുടെ ശിക്ഷ ഓഗസ്റ്റ് ഒന്നിനു വിധിക്കും

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിയെടുത്തു കത്തിച്ചുവെന്ന കേസിൽ പ്രതികളുടെ ശിക്ഷ ഓഗസ്റ്റ് ഒന്നിനു വിധിക്കും

author-image
WebDesk
New Update
Thadiyanta Vida Nazeer

കൊച്ചി: കളമശേരി ബസ് കത്തിക്കല്‍ കേസില്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെ മൂന്നു പ്രതികള്‍ കുറ്റക്കാരെന്ന് കൊച്ചി എന്‍ ഐ എ കോടതി. സാബിര്‍ ബുഹാരി, താജുദ്ദീന്‍ എന്നിവരാണു കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു രണ്ടുപേര്‍. ശിക്ഷ ഓഗസ്റ്റ് ഒന്നിനു വിധിക്കും.

Advertisment

പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅദനിയെ കോയമ്പത്തൂര്‍ ജയിലില്‍ അടച്ചതിനെതിരെ തമിഴ്‌നാട് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് തട്ടിയെടുത്തു കത്തിച്ചുവെന്നാണു കേസ്. 2005 സെപ്റ്റബര്‍ ഒന്‍പതിനു എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡില്‍നിന്നു ബസ് കടത്തിക്കൊണ്ടുപോയി കളമശേരിയില്‍വച്ച് കത്തിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്.

കുറ്റം സമ്മതിക്കുന്നതായി മൂന്നു പ്രതികളും കോടതിയെ അറിയിച്ചു. ഇതോടെയാണു വിസ്താരം പൂര്‍ത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇതുള്‍പ്പെടെ വിവിധ കേസുകളിലായി നിരവധി വര്‍ഷം പ്രതികള്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. റിമാന്‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു പ്രതികള്‍ വിസ്താരം പൂര്‍ത്തിയാവുന്നതിനു മുന്‍പ് കുറ്റം സമ്മതിച്ചെന്നാണ് വിവരം. കോഴിക്കോട് ഇരട്ട സ്‌ഫോടനം, എടയ്ക്കാട് തീവ്രവാദ റിക്രൂട്‌മെന്റ് കേസുകളിലും പ്രതിയാണു തടിയന്റവിട നസീര്‍.

മറ്റൊരു പ്രതി കെ എ അനൂപിന് ആറു വര്‍ഷം കഠിനതടവും 1.6 ലക്ഷം രൂപ പിഴയും കോടതി നേരത്തെ വിധിച്ചിരുന്നു. അനൂപും സമാനരീതിയില്‍ നേരത്തെ കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisment

ഇവരും സൂഫിയ മഅദനി, മജീദ് പറമ്പായി, അബ്ദുല്‍ ഹാലിം, മുഹമ്മദ് നവാസ്, ഇസ്മയില്‍, നാസര്‍, ഉമ്മര്‍ ഫാറൂഖ് തുടങ്ങി 13 പേരാണു കേസിലെ പ്രതികള്‍. പത്താം പ്രതിയായ സൂഫിയ മദനി ഉള്‍പ്പെടെ ശേഷിക്കുന്നവരുടെ വിസ്താരം ഉടന്‍ തുടങ്ങും.

സേലത്തേക്കുള്ള തമിഴ്‌നാട് സര്‍ക്കാര്‍ ബസ് തോക്ക് ചൂണ്ടി കവര്‍ന്ന് കളമശേരിയില്‍ വച്ച് കത്തിച്ചുവെന്നാണു കുറ്റപത്രത്തില്‍ പറയുന്നത്. കളമശേരി എച്ച് എം ടി എസ്റ്റേറ്റിനു സമീപംവച്ച് ജീവനക്കാരെയും യാത്രക്കാരെയും പുറത്താക്കിയശേഷം പെട്രോള്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നുവെന്നു കുറ്റപത്രത്തില്‍ പറയുന്നു.

ആദ്യം പൊലീസ് അന്വേഷിച്ച കേസ് 2009 ലാണ് എന്‍ ഐ എയ്ക്കു കൈമാറിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തി 2010ലാണ് എന്‍ ഐ എ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

Nia Court

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: